ഈ പ്രായത്തിലും എന്നാ ഒരിതാ…ഈ ഡയലോഗ് നമ്മള്‍ ചില വീഡിയോകള്‍ കാണുമ്പോള്‍ മനസില്‍ ഓര്‍ക്കാറുണ്ട്. നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമൊക്കെയായിരിക്കും അത്തരം വീഡിയോകളില്‍. അത്ഭുതപ്പെടുത്തുക മാത്രമല്ല ഇതെങ്ങനെ സാധിക്കുന്നു എന്ന് കൂടി ചിന്തിപ്പിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്.
സുപ്രിയ സാഹു ഐഎഎസാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്ടിലെ വളരെ പ്രശസ്തമായ നദിയാണ് താമിരഭരണി നദി. സാരിയുടുത്ത് അത്യാവശ്യം ഉയരത്തില്‍ നിന്ന് മലക്കം മറിഞ്ഞ് നദിയിലേക്ക് ചാടുന്ന സ്ത്രീകളെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒരാള്‍ സാധാരണ രീതിയിലാണ് നദിയിലേക്ക് കുതിച്ച് ചാടുന്നത്.
സ്ത്രീകളുടെ നദിയിലേക്കുള്ള ചാട്ടം താഴെ നിന്ന് പലരും അത്ഭുതത്തോടെ വീക്ഷിക്കുന്നുമുണ്ട്. അനായാസമായി നദിയിലേക്ക് ചാടുന്ന സ്ത്രീകള്‍ എന്നെ ആശ്ചര്യപ്പെടുത്തുന്നു എന്നാണ് സുപ്രിയ സാഹു ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ഇവരുടെ പ്രവര്‍ത്തി വളരെയധികം പ്രചോദനം നല്‍കുന്നതാണെന്നും ഐഎഎസ് ഉദ്യോഗസ്ഥ കൂട്ടിച്ചേര്‍ത്തു.
ഇന്നലെ രാവിലെ പങ്കുവച്ച വീഡിയോ ഇതിനോടകം തന്നെ ഒരുലക്ഷത്തിലധികം പേരാണ് കണ്ടത്. സുപ്രിയ സാഹുവിന്റെ അഭിപ്രായം തന്നെയാണ് ഭൂരിഭാഗം പേരും കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളുടെ നദിയിലേക്കുള്ള ചാട്ടം കണ്ട് ഭയപ്പെട്ടവരുമുണ്ട്. സുരക്ഷിതമാണൊ എന്ന സംശയവും ചിലര്‍ പ്രകടിപ്പിച്ചിരുന്നു.