സ്കോച്ച് വിസ്കി ആരാധകർക്ക് ഒരു സന്തോഷവാർത്ത. യഥാർഥ വിശുദ്ധ ജലം സ്കോച്ച് വിസ്കിയാണെന്ന് പോപ്പ് ഫ്രാൻസിസ്. തങ്ങളുടെ പ്രിയപ്പെട്ട പാനീയം ദൈവികമാണെന്ന് മാർപാപ്പയുടെ വായിൽ നിന്നും കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എന്താണല്ലേ?

എന്നാൽ ഫ്രാൻസിസ് മാർപാപ്പ സ്കോച്ച് വിസ്കിയെ ‘യഥാർത്ഥ വിശുദ്ധ ജലം’ ആയി പ്രഖ്യാപിച്ചതിൽ വിഷമിക്കേണ്ട ആവശ്യമില്ല. വത്തിക്കാനിലെ ഒരു സ്വീകരണ വേളയിൽ സ്കോച്ച് വിസ്കിയുടെ ഒരു കുപ്പി
സ്കോട്ട്ലാൻഡിൽ നിന്നുള്ള സെമിനാരി വിദ്യാർഥികൾ അദ്ദേഹത്തിന് സമ്മാനിച്ചപ്പോൾ, തമാശയെന്നോണമാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിന് വിദ്യാർഥികൾ നൽകിയ വിസ്കി സ്കോട്ട്‌ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് നിന്നുള്ള ഒബാനിൽ നിന്നുള്ളതായിരുന്നു.

റോമിലെ പോണ്ടിഫിക്കൽ സ്കോട്ട്‌സ് കോളേജിലെ സെമിനാരികളെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററിക്കായി കഴിഞ്ഞ വർഷം ചിത്രീകരിച്ചതാണ് ഈ വിഡിയോ എങ്കിലും ഈ ഭാഗം ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്താൻ വത്തിക്കാൻ അനുമതി നൽകിയില്ല.

ഇത്തരം സമ്മാനങ്ങൾ മുമ്പും മാർപാപ്പയ്ക്ക് ലഭിച്ചിട്ടുണ്ട്. ബോർബോൺ വിസ്കികളുടെ ആരാധകനായ ഒരു വൈദികന്‍  2018ൽ പോപ്പിന്റെ വിസ്കി സമ്മാനിക്കുന്നതിന്റെ ചിത്രം അദേഹം തന്നെ ട്വീറ്റ് ചെയ്തിരുന്നു.

കൂടാതെ 2014ൽ പോപ്പുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ ക്വീൻ എലിസബത്ത് അദ്ദേഹത്തിന്റെ തങ്ങളുടെ ബാൽമറൽ എസ്റ്റേറ്റിൽ നിന്നുണ്ടാക്കിയ സോച്ച് വിസ്കി സമ്മാനമായി നൽകിയതായി ഫോർബ്സ് ഒരു റിപ്പോർട്ടില്‍ പറയുന്നു.

Read More: ഉമ്മ ചോദിച്ച കന്യാസ്ത്രീക്ക് ഫ്രാൻസിസ് മാർപാപ്പ നൽകിയ മറുപടി

ജനപ്രിയനായ പോപ്പ് ഫ്രാൻസിസിന്റെ ഇത്തരത്തിലുള്ള രസകരമായ പല വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. മാർപാപ്പയുടെ സന്ദർശന വേളയിൽ ഒരു നോക്ക് കാണാൻ കാത്തിരുന്ന കന്യാസ്ത്രീ പാപ്പയെ കണ്ടപ്പോൾ സന്തോഷം അടക്കാനാകാതെ ഒരുമ്മ തരാമോ എന്ന് ചോദിച്ച വീഡിയോയും അതിന് അദ്ദേഹം നൽകിയ മറുപടിയും ഏറെ രസകരമായിരുന്നു.

“ഒരുമ്മ തരാമോ പാപ്പ,” എന്ന് അവർ ചോദിച്ചു. ഉടൻ വന്നു മാർപാപ്പയുടെ മറുപടി “ശാന്തയാകൂ, ഉമ്മ തരാം പക്ഷെ എന്നെ കടിക്കരുത്,” എന്ന്. പിന്നീട് അദ്ദേഹം കന്യാസ്ത്രീയുടെ കവിളിൽ ഒരു സ്നേഹ ചുംബനം നൽകി ചിരിച്ചുകൊണ്ട് നടന്നു നീങ്ങുകയും സന്തോഷം അടക്കാനാകാതെ കന്യാസ്ത്രീ തുള്ളിച്ചാടിക്കൊണ്ട് “നന്ദി പാപ്പ” എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. ഇത് കണ്ട് ചുറ്റും നിന്നവരും സന്തോഷം കൊണ്ട് ചിരിക്കുന്നതായിരുന്നു ആ വീഡിയോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook