ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റു. ഏപ്രില്‍ 23-ാം തീയതി നാഗ്പൂരില്‍ നിന്ന് മുംബൈയിലേക്കുള്ള വിമാനത്തില്‍ വച്ചാണ് സംഭവം. യാത്രക്കാരിക്ക് ഉടന്‍ തന്നെ ആവശ്യമായ ചികിത്സ നല്‍കിയെന്നും അപകടനില തരണം ചെയ്തതായും എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ അറിയിച്ചു.
എയര്‍പോര്‍ട്ടില്‍ വച്ച് തേളില്‍ നിന്ന് കുത്തേറ്റതായി പറഞ്ഞ യാത്രക്കാരിയെ ഡോക്ടര്‍ വിശദമായി പരിശോധിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സ പൂര്‍ത്തിയായതിന് ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഞങ്ങളുടെ ജീവനക്കാര്‍ യാത്രക്കാരിയോടൊപ്പെ ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെ ഉണ്ടായിരുന്നു, എയര്‍ ഇന്ത്യ എക്സ്പ്രസ് വക്താവ് പറഞ്ഞു.
സംഭവത്തിന് ശേഷം വിമാനം വിശദമായി പരിശോധിച്ചതായും അധികൃതര്‍ അറിയിച്ചു.
“ഞങ്ങളുടെ ടീം പ്രോട്ടോക്കോൾ അനുസരിച്ച് വിമാനം പൂര്‍ണമായി പരിശോധിക്കുകയും തേളിനെ കണ്ടെത്തുകയും തുടർന്ന് ഫ്യൂമിഗേഷൻ പ്രക്രിയ നടത്തുകയും ചെയ്തു. യാത്രക്കാർക്കുണ്ടായ വേദനയിലും അസൗകര്യത്തിലും ഞങ്ങൾ ആത്മാർത്ഥമായി ഖേദിക്കുന്നു,” എയർ ഇന്ത്യ വക്താവിനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.