സോഷ്യൽ മീഡിയയില്‍ എന്തും വൈറലാവുന്ന കാലമാണിത്. കഴിഞ്ഞ ദിവസമാണ് കിളിനക്കോട് എന്ന സ്ഥലത്ത് വച്ച് തങ്ങള്‍ക്ക് അനുഭവിക്കേണ്ടി വന്ന അധിക്ഷേപത്തെ കുറിച്ച് സംസാരിച്ച പെണ്‍കുട്ടികളുടെ വീഡിയോ വൈറലായത്. കോളേജ് വിദ്യാര്‍ത്ഥിനികളായ പെണ്‍കുട്ടികളെ കിളിനക്കോട്ടുളള ചില യുവാക്കള്‍ തടഞ്ഞതും ചോദ്യം ചെയ്തതുമാണ് പ്രശ്നത്തിലേക്ക് നയിച്ചത്. പെണ്‍കുട്ടികള്‍ ആണ്‍സുഹൃത്തുക്കളുമായി സെല്‍ഫി എടുക്കുന്നതും സംസാരിക്കുന്നതും കണ്ടതാണ് കിളനക്കോട്ടെ യുവാക്കളെ ചൊടിപ്പിച്ചത്. പിന്നീട് പ്രശ്നം പൊലീസ് സ്റ്റേഷനിലെത്തിയെങ്കിലും സംഗതി വ്യാപകമായി പ്രചരിച്ചത് സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു.

ഈ വീഡിയോയ്ക്ക് ശേഷമാണ് ഒരു ടിക് ടോക് വീഡിയോ കഴിഞ്ഞ ദിവസം വൈറലായി മാറിയത്. മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പാരഡി ഗാനം പാടുന്നതാണ് വീഡിയോ. ‘സതീശന്റെ മോന്‍ അല്ലേ ടാ, നിന്നെ ഞാന്‍ സ്റ്റാന്‍ഡില് കണ്ടതല്ലേ,’ എന്നാണ് പാട്ടിന്റെ തുടക്കം. കലാഭവന്‍ മണി പാടിയ ‘ബാലേട്ടൻ മോളല്ലേടി ..നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ’ എന്ന പാട്ടിന്റെ പാരഡിയായിരുന്നു പെണ്‍കുട്ടികള്‍ പാടിയത്.

കൂട്ടത്തിലെ ഒരു പെണ്‍കുട്ടിയെ പ്രണയം നടിച്ചു പറ്റിച്ച ആൾക്ക് വേണ്ടി എന്ന രീതിയിലാണ് പെണ്‍കുട്ടികള്‍ പാട്ട് പാടുന്നത്. എന്നാല്‍ പാട്ടിന്റെ അവസാന ഭാഗത്ത് പെണ്‍കുട്ടികള്‍ അസഭ്യ വാക്കുകൾ ഉപയോഗിച്ചതാണ് വിവാദമായത്. ടിക് ടോക് വീഡിയോ സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയതോടെ പെണ്‍കുട്ടികളെ വിമര്‍ശിച്ച് പോസ്റ്റുകളും നിറഞ്ഞു. യുവാവ് ഓടി രക്ഷപ്പെട്ടതായിരിക്കുമെന്നും പറ്റിച്ചതായിരിക്കില്ലെന്നും പലരും കമന്റ് ചെയ്തു. നിരവധി പേരാണ് പെണ്‍കുട്ടികളെ അധിക്ഷേപിച്ച് രംഗത്തെത്തിയത്.

എന്നാല്‍ കഥയ്ക്ക് ട്വിസ്റ്റ് നല്‍കി കൊണ്ടുളള ഒരാളുടെ കടന്നുവരവാണ് ഇപ്പോള്‍ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്. പെണ്‍കുട്ടികള്‍ പറഞ്ഞ സതീശന്റെ മോന്‍ താന്‍ ആണെന്ന് അവകാശപ്പെട്ടാണ് ഇപ്പോള്‍ യുവാവ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. എന്തായാലും രണ്ട് വീഡിയോയും ഇപ്പോള്‍ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുകയാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ