സമൂഹമാധ്യമങ്ങളിൽ എന്നും താരമാണ് കേരള പൊലീസ്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ട്രോളുകളും കൊണ്ട് ഫെയ്സ്ബുക്കിൽ സജീവമായി നിൽക്കുന്ന കേരള പൊലീസ് ബോധവൽക്കരണ വീഡിയോകളുമായും ആളുകളിലേക്ക് എത്താറുണ്ട്. ഈ കൊറോണ കാലത്തും അത്തരത്തിൽ കേരള പൊലീസിന്റെ പല വീഡിയോകളും ആളുകൾ ഏറ്റെടുത്തിരുന്നു. വീണ്ടും കൊറോണയുമായി ബന്ധപ്പെട്ട മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരള പൊലീസ്, ഒപ്പം ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണുമുണ്ട്.

കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കളികൾക്കും വിനോദങ്ങളുമായി രസിക്കുന്നവർക്ക് വേണ്ടിയാണ് കേരള പൊലീസിന്റെ പുതിയ വീഡിയോ. ഇത് കരുലിന്റെ കാലമാണെന്നും, നേരംപോക്കുകളും വിനോദങ്ങളും കുറച്ച് കാലത്തേക്ക് വേണ്ടെന്ന് വയ്ക്കാമെന്നും സർക്കാരിന്റെയും പൊലീസിന്റെയും നിർദേശങ്ങളും പാലിക്കാമെന്നുമാണ് സഞ്ജുവിന്റെ സന്ദേശം.

മെയ് മൂന്ന് വരെ ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. എന്നാലും കളിക്കാനും നേരംപോക്കിനുമായി ആളുകൾ കവലയിലേക്കും പാടത്തേക്കുമൊക്കെയിറങ്ങുന്നത് പതിവാണ്. ഇത്തരക്കാരെ പിടികൂടാൻ ഡ്രോണുകളാണ് കേരള പൊലീസ് ഉപയോഗിക്കുന്നത്. ഡ്രോൺ നിരീക്ഷണത്തിലൂടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരെ പിടികൂടുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും പൊലീസ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നുണ്ട്.

Also Read: ഐപിഎല്ലിനും ലോക്ക്ഡൗൺ; ടൂർണമെന്റിന്റെ സാധ്യതകൾ മങ്ങുന്നു

നേരത്തെ കോവിഡ് 19നെതിരെ പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി കേരള പൊലീസ് പുറത്തിറക്കിയ ഡാൻസ് വിഡിയോയും വൈറലായിരുന്നു. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ‘കലക്കാത്ത’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിൽ കൈ കഴുകേണ്ടത് എങ്ങനെയെന്ന് രസകരമായി അവതരിപ്പിക്കുന്നതായിരുന്നു കേരള പൊലീസിന്റെ വിഡിയോ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook