ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരമാണ് സാനിയ മിര്‍സ. ലോക നമ്പര്‍ വണ്‍ റാങ്കിലെത്തിയ ആദ്യത്തെ ഇന്ത്യക്കാരി. കളിക്കാരി മാത്രമല്ല, ഗ്ലാമര്‍ താരം കൂടിയാണ് സാനിയ. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ സാന്നിധ്യമായ സാനിയയുടെ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവും ആയ ഷൊഹൈബ് മാലിക്കിന്റെ 36ാം ജന്മദിനമാണ് ഇന്ന്.

മധുരതരമായൊരു ജന്മദിനാശംസയാണ് സാനിയ ഭര്‍ത്താവിനായി ട്വിറ്ററിലൂടെ നേര്‍ന്നത്. തൂവെളള വസ്ത്രത്തില്‍ ഇരുവരും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിനൊപ്പമാണ് സാനിയ ജന്മദിനാശംസ നേര്‍ന്നത്. 13,000ത്തോളം ലൈക്കുകളാണ് ഈ ട്വീറ്റിന് ലഭിച്ചത്. കൂടാതെ ആരാധകരുടെ ആശംസകളും നിറഞ്ഞു.

എന്നാല്‍ താമസിയാതെ ഷൊഹൈബ് മാലിക് തന്നെ ഇതിന് മറുപടിയും കൊടുത്തു. വളരെ സിംപിളായുളള ഷൊഹൈബിന്റെ മറുപടിയും ആരാധകര്‍ ഏറ്റെടുത്തു. നവംബര്‍ 14ന് സാനിയയുടെ ജന്മദിനത്തില്‍ ഷൊഹൈബും സമാനമായ ട്വീറ്റ് ചെയ്തിരുന്നു. അന്നും മനോഹരമായ ഒരു ചിത്രത്തിന് ഒപ്പമായിരുന്നു ജന്മദിനാശംസ.

സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായത് കൊണ്ട് തന്നെ ഇരുവര്‍ക്കും ആരാധകര്‍ ആശംകളുമായെത്തി. പലപ്പോഴും മണിക്കൂറുകളോളം താരങ്ങള്‍ ആരാധകര്‍ക്ക് മറുപടി നല്‍കി ട്വിറ്ററില്‍ തുടരാറുണ്ട്. ഈയടുത്ത് ആരാധകര്‍ നടത്തിയ ചോദ്യം ചെയ്യലില്‍ സാനിയ തനിക്ക് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരം ആരാണെന്ന് വെളിപ്പെടുത്തിയിരുന്നു. ആരാണ് ഇഷ്ടപ്പെട്ട ക്രിക്കറ്റ് താരമെന്ന ചോദ്യത്തിന് ‘ഷൊയ്ബ് മാലിക് ഒഴികെ ‘സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ’ ആണ് ഇഷ്ടമെന്ന് സാനിയ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ