കൊച്ചി : മുതിര്‍ന്ന മാധ്യമാപ്രവര്‍ത്തകയായ ഗൗരി ലങ്കേഷിന്‍റെ മരണത്തെക്കുറിച്ച് പ്രതികരിച്ചതിനു സംഘ പരിവാറിന്‍റെ സൈബര്‍ ആക്രമണത്തിനു ഇരയായിരിക്കുന്നത് മറ്റാരുമല്ല. സംഗീത ചക്രവര്‍ത്തിയായ ഏ ആര്‍ റഹ്മാന്‍ തന്നെയാണ്.

“ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് ഞാനേറെ ദുഖിതനാണ്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കരുത് എന്നാണ് ഞാന്‍ ആശിക്കുന്നത്. ഇത്തരത്തിലുള്ള കൊലപാതകങ്ങള്‍ തുടരുകയാണ് എങ്കില്‍ ഇത് എന്‍റെ ഇന്ത്യയല്ല. എന്‍റെ ഇന്ത്യയ്ക്ക് പുരോഗമനവും ദയവും വേണം. ” എന്നായിരുന്നു വെള്ളിയാഴ്ച മുംബൈയില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ ഏ ആര്‍ റഹ്മാന്‍ അഭിപ്രായപ്പെട്ടത്.

ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ അനുകൂലികള്‍ ഏ ആര്‍ റഹ്മാനെതിരെ ട്രോളുകളും അസഭ്യവര്‍ഷവുമായി സൈബര്‍ ഇടങ്ങള്‍ നിറയ്ക്കാന്‍ തുടങ്ങിയത്. റഹ്മാന്‍ ഇന്ത്യ വിട്ടുപോവുക എന്നു മാത്രമല്ല. റഹ്മാന്‍ പാശ്ചാത്യ സംഗീതം കോപ്പിയടിച്ച് ആളായതാണ് എന്നു വരെ അഭിപ്രായപ്പെടുന്നവര്‍ കൂട്ടത്തിലുണ്ട്.

പൊതുവേ രാഷ്ട്രീയകാര്യങ്ങളില്‍ അഭിപ്രായം പറയാതെ വിട്ടുനില്‍ക്കുന്ന ഓസ്ക്കാര്‍ ജേതാവിനോട് സിറിയയിലേക്ക് പോവാന്‍ ചിലര്‍ ആവശ്യപ്പെട്ടപ്പോള്‍. ‘സുഡാപ്പി’ എന്നായിരുന്നു മറ്റു ചിലര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്.

എന്തിരുന്നാലും, റഹ്മാന്‍ പങ്കുവെച്ച അസഹിഷ്ണുതയെക്കുറിച്ചുള്ള സന്ദേഹത്തില്‍ കഴമ്പുണ്ട് എന്ന് സംഘപരിവാര്‍ സ്വയം തെളിയിച്ചു എന്നായിരുന്നു ഫെയ്സ്ബുക്കില്‍ വന്ന മറ്റൊരു കമന്റ്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ