നവാഗതനായ സക്കരിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഹൃദയം കവര്‍ന്ന നടനാണ് നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്‍. സ്നേഹത്തോടെ മലയാളികള്‍ സുഡുവെന്നു വിളിക്കുന്ന സാമുവലിന് ഒരാഗ്രഹം, കേരളത്തിലെ പൊറോട്ടയും ബീഫ് കറിയും കഴിക്കണം. കേരളത്തിലേക്കു തിരിച്ചു വരണമെന്നും സാമുവല്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ കേരളത്തില്‍ വന്ന് ബീഫ് കഴിക്കുന്നത് അപകടമാണെന്ന് ആരോ പറഞ്ഞറിഞ്ഞ സാമുവല്‍ പിന്നീട് തന്റെ പോസ്റ്റ് തിരുത്തി ചിക്കന്‍ എന്നാക്കി, ശേഷം വീണ്ടും തിരുത്തി മട്ടന്‍ എന്നും ആക്കി. തൊട്ടു താഴെ സുഡാനി സിനിമയിലെ തന്നെ ഒരു സ്ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ട് രസകരമായൊരു കമന്റും ഒരു ആരാധകന് ഇട്ടിട്ടുണ്ട്. ചിത്രത്തില്‍ സൗബിന് അവതരിപ്പിച്ച മജീദ് എന്ന ഫുട്ബോള്‍ ടീം മാനേജര്‍ സുഡുവിനോട് പറയുന്നുണ്ട്, രാവിലെ കട്ടന്‍ ചായ കുടിച്ചാല്‍ ടോയ്ലറ്റില് പോകാന്‍ എളുപ്പമാണെന്ന്. ഇത് സുഡു പരീക്ഷിച്ചോ എന്നായിരുന്നു ചോദ്യം. ആ ചോദ്യത്തിന് അതുപോലെ രസകരമായി അദ്ദേഹം മറുപടിയും നല്കി. പരീക്ഷിച്ചു, അത് ഫലംകാണുകയും ചെയ്തുവെന്നായിരുന്നു സാമുവലിന്റെ മറു കമന്റ്.
മലപ്പുറം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സൗബിന് സാഹിറായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രമായ മജീദിനെ അവതരിപ്പിച്ചത്. ചിത്രം റിലീസ് ചെയ്തതിനു ശേഷം നൈജീരിയയിലേക്ക് മടങ്ങിയ സാമുവല്‍, തനിക്ക് സിനിമയുടെ നിര്‍മ്മാതാക്കള്‍ അര്‍ഹിക്കുന്ന വേതനം നല്‍കിയില്ലെന്ന് ആരോപിച്ചിരുന്നു. ഇത് വിവാദമായ സാഹചര്യത്തില്‍ നിര്‍മ്മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും സാമുവലിന് പണം നല്‍കുകയായിരുന്നു.