/indian-express-malayalam/media/media_files/uploads/2023/08/samayamam-radhathil-njan-christian-song.jpg)
Representative image
"സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിനു ബദ്ധപ്പെട്ടോടീടുന്നു.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ..."
ഈ മലയാള ക്രിസ്തീയഗാനം കേൾക്കാത്തവർ ചുരുക്കമായിരിക്കും. മരണത്തിന്റെയും ജീവിതത്തിന്റെയും അനിശ്ചിതത്വങ്ങളെയും നശ്വരതയേയും കുറിച്ചു സംസാരിക്കുന്ന ഈ ഗാനം ഇന്നും മരണവീടുകളിൽ ഉയർന്നു കേൾക്കാം. എന്നാൽ ആരാണ് അർത്ഥവത്തായ ഈ വരികൾ എഴുതിയതെന്ന് അറിയാമോ? വേൾബ്രിച്ച് നാഗേൽ എന്ന ജർമ്മൻ പാതിരിയാണ് ഈ ഗാനം എഴുതിയത്.
അഞ്ചുവർഷം കൊണ്ട് മലയാളം പഠിച്ചെടുത്ത് വേൾബ്രിച്ച് എഴുതിയ 20 മലയാളഗാനങ്ങളിൽ ഒന്നാണ് ഇതും. 'സമയമാം രഥത്തിൽ' എന്ന ഗാനത്തെ കുറിച്ച് കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
"1893ൽ മലബാറിലേക്ക് കുന്ദംകുളം മുതൽ കണ്ണൂർ വരെയുള്ള പ്രവിശ്യയുടെ മിഷണറി പ്രവർത്തനങ്ങളുടെ ചുമതലക്കാരനായി വേൾബ്രിച്ച് നാഗേൽ എന്ന ബാസൽ ഇവാഞ്ചെലിക്കൽ മിഷന്റെ ഒരു പാതിരി ഇവിടെ വന്നു. അദ്ദേഹം അഞ്ചുവർഷം കൊണ്ട് അതിമനോഹരമായി മലയാളം പഠിച്ചു. ആ മലയാളത്തിൽ 20 കവിതകൾ എഴുതി. ആ കവിതകൾക്ക് ഹാർമോണിയത്തിൽ അധിഷ്ഠിതമായ സംഗീതം നൽകി."
"1898ൽ വാണിയംങ്കുളത്തു നിന്നും ഒരു കാളവണ്ടിയിൽ കണ്ണൂരിലേക്ക് പുറപ്പെട്ട നാഗേൽ ആ കാളവണ്ടിയിലെ റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ പഴയൊരു നോട്ട്ബുക്കിൽ പെൻസിൽ കൊണ്ട് ഒരു കവിത കുറിച്ചു. ഈ കവിതയിലെ ഒരു വരി ഞാൻ പാടിയാൽ ബാക്കി വരികൾ നിങ്ങൾ പാടി തരും. അത്രയേറെ ഹൃദിസ്ഥമാണ്. പക്ഷേ ആരെഴുതിയതാണ്, ആരുടെ സംഭാവനയാണെന്ന് 95 ശതമാനം പേർക്കും അറിയില്ല. ആ ഗാനമാണ്, സമയമാം രഥത്തിൽ ഞാൻ..." കരിവെള്ളൂർ മുരളി പറയുന്നു.
ഹെർമ്മൻ ഗുണ്ടർട്ടിനെപ്പോലെ സുവിശേഷ ദൗത്യവുമായി മലബാറിലെത്തിയ ബാസൽ മിഷനിലെ ഒരു ജർമ്മൻ മിഷണറിയായിരുന്നു നാഗേൽ. കണ്ണൂരിലെ മിഷൻ കേന്ദ്രത്തിലായിരുന്നു ആദ്യ നിയമനം. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള ഭാഷ വശമാക്കാനും ഭക്തി സാന്ദ്രമായ ഒരു പിടി ഗാനങ്ങൾ സമ്മാനിക്കാനും നാഗേലിനു കഴിഞ്ഞു.
'സമയമാം രഥത്തിൽ' എന്ന ക്രൈസ്തവ ഭക്തിഗാനങ്ങളിലെ ഈ ശ്രദ്ധേയ ഗാനത്തിന് കൂടുതൽ പ്രശസ്തി ലഭിച്ചത് 1970ൽ പുറത്തിറങ്ങിയ 'അരനാഴികനേരം' എന്ന ചിത്രത്തിലൂടെയാണ്. നാഗേൽ സായിപ്പിന്റെ വരികളിലേക്ക് സിനിമയുടെ പേരിനെ ബന്ധിപ്പിക്കാനായി ഒരൊറ്റ വരി മാത്രം കൂട്ടിച്ചേർത്തു വയലാർ രാമവർമ്മ.
ആകെ അല്പ നേരം മാത്രം എന്റെ യാത്ര തീരുവാൻ
യേശുവേ! നിനക്കു സ്തോത്രം വേഗം നിന്നെ കാണും ഞാൻ...
എന്ന വരികളെ
"ആകെയല്പനേരം മാത്രം എന്റെയാത്ര തീരുവാൻ
ആകെയരനാഴികമാത്രം ഈയുടുപ്പുമാറ്റുവാൻ," എന്നാക്കി മാറ്റുകയായിരുന്നു വയലാർ. സിനിമയിൽ വന്നതോടെ നാഗേലിന്റെ ഗാനം ഏറെ ജനപ്രിയമായി മാറി.
"നാഗേൽ ശരിക്കും എഴുതിയത് മരിപ്പു പാട്ടല്ല. കോളറ വന്നു മരിച്ചുകൊണ്ടിരിക്കുന്ന കുന്നംകുളത്തെ മനുഷ്യർക്കു വേണ്ടി അവർക്ക് പ്രത്യാശ നൽകാൻ വേണ്ടി എഴുതിയതാണ്," കരിവെള്ളൂർ മുരളി പറയുന്നു.
എന്തായാലും, 124 വർഷങ്ങൾ കഴിഞ്ഞിട്ടും ഈ വരികൾ മരണം പോലെ വേദനാജനകമായ മുഹൂർത്തത്തിലും മലയാളികൾക്ക് കൈതാങ്ങായി നിലനിൽക്കുകയാണ്. നാഗൽ ഓർമ്മയായിട്ടും, ആ ഗാനം മാത്രം ഇന്നും ജീവിച്ചിരിക്കുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.