/indian-express-malayalam/media/media_files/uploads/2019/11/sajitha-madathil-bineesh.jpg)
പൊതുവേദിയിൽ അവഗണന നേരിടേണ്ടി വന്ന നടൻ ബിനീഷ് ബാസ്റ്റിന് പിന്തുണയുമായി സജിത മഠത്തിൽ. ഇറങ്ങിപ്പോയവർ ഇറങ്ങിപ്പോകേണ്ടവർ തന്നെയാണെന്നും, മനക്കരുത്തുമായി ബിനീഷ് സ്റ്റേജിലേക്ക് നടന്ന ആ നടത്തം ഇവരുടെയൊന്നും സ്വപ്നത്തിൽ പോലും സാധ്യമല്ലെന്നും സജിത മഠത്തിൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായിട്ട് എത്തിയപ്പോഴാണ് ബിനീഷിനു അവഗണന നേരിടേണ്ടി വന്നത്. കോളേജിലെ പരിപാടിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണമേനോനും ഉണ്ടായിരുന്നു. എന്നാൽ, പരിപാടി തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് കോളേജിലെ പ്രിൻസിപ്പാളും യൂണിയൻ ചെയർമാനും ബിനീഷ് താമസിച്ച ഹോട്ടലിൽ എത്തുകയുണ്ടായി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മണിക്കൂർ കഴിഞ്ഞ് ബിനീഷ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയാൽ മതിയെന്ന് ഇരുവരും ആവശ്യപ്പെട്ടു.
മാഗസിൻ റിലീസിങ്ങിന് വരാമെന്നേറ്റ സംവിധായകൻ അനിൽ രാധാകൃഷ്ണമേനോൻ ബിനീഷ് വേദിയിൽ എത്തിയാൽ ഇറങ്ങി പോകുമെന്ന് ഭീഷണി മുഴക്കിയെന്നാണ് കോളേജ് അധികൃതർ കാരണം പറഞ്ഞത്. ‘തന്റെ സിനിമയിൽ ചാൻസ് ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനോടൊപ്പം വേദി പങ്കിടാൻ എനിക്ക് കഴിയില്ലെന്ന്’ അനിൽ പറഞ്ഞതായും അവർ ബിനീഷിനെ അറിയിച്ചു. ഇതാണ് പിന്നീട് വലിയ വിവാദത്തിനു കാരണമായത്.
എന്നാൽ, ഇതുംകേട്ട് മിണ്ടാതിരിക്കാൻ ബിനീഷിനു സാധിച്ചില്ല. തനിക്കു നേരിട്ട അവഗണനയ്‌ക്ക് പൊതുവേദിയിൽ വച്ചുതന്നെ മറുപടി നൽകാൻ ബിനീഷ് തീരുമാനിച്ചു. പരിപാടി നടന്നുകൊണ്ടിരിക്കുമ്പോൾ ബിനീഷ് വേദിയിലെത്തി. പ്രിൻസിപ്പൽ അടക്കമുള്ള സംഘാടകർ തടയാൻ ശ്രമിച്ചെങ്കിലും ബിനീഷ് വേദിയിലേക്ക് കയറി. പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ പറഞ്ഞെങ്കിലും അതൊന്നും വകവയ്‌ക്കാതെ ബിനീഷ് വേദിയിലേക്ക് കയറി. സംവിധായകൻ അനിൽ രാധാകൃഷ്‌ണമേനോൻ പ്രസംഗിക്കുന്നതിനിടെയാണ് ബിനീഷ് വേദിയിലേക്ക് കയറിയത്. പിന്നീട് വേദിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തറയിലിരുന്നായിരുന്നു ബിനീഷ് പ്രതിഷേധിച്ചത്.
ബിനീഷിനെ പിൻതിരിപ്പിക്കാൻ സംഘാടകർ അടക്കം നിരവധി പേർ ശ്രമിച്ചു. എന്നാൽ, ബിനീഷ് തയ്യാറായില്ല. ബിനീഷിനു മെെക്ക് നൽകാൻ കോളേജ് അധികൃതരും തയ്യാറായില്ല. ബിനീഷ് എത്തിയതോടെ അനിൽ രാധാകൃഷ്‌ണമേനോൻ പ്രസംഗം നിർത്തി. പിന്നീട് താൻ പ്രതിഷേധിക്കുന്നതിന്റെ കാരണം ബിനീഷ് വെളിപ്പെടുത്തി. വിദ്യാർഥികളോടായാണ് ബിനീഷ് കാര്യങ്ങൾ വിവരിച്ചത്. താൻ ഉണ്ടെങ്കിൽ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അനിൽ രാധാകൃഷ്‌ണമേനോൻ പറഞ്ഞ കാര്യം ബിനീഷ് വെളിപ്പെടുത്തി. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ നിരവധി പേരാണ് ബിനീഷിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. വലിയ കയ്യടിയോടെയാണ് ബിനീഷ് ബാസ്റ്റിനെ വിദ്യാർഥികൾ സ്വീകരിച്ചത്.
മെെക്ക് ഇല്ലാതെയാണ് ബിനീഷ് കാര്യങ്ങൾ വിശദീകരിച്ചത്. പിന്നീട് താൻ എഴുതികൊണ്ടുവന്ന പ്രസംഗവും ബിനീഷ് വായിച്ചു. തന്റെ ജീവിതത്തിൽ ഏറ്റവും വലിയ അവഗണന നേരിട്ട ദിവസമാണിത് എന്ന് ബിനീഷ് പറഞ്ഞു. വലിയ വിഷമം തോന്നിയ ദിവസമാണ്. ഒരു മണിക്കൂർ മുൻപ് ചെയർമാൻ എന്റെ റൂമിലെത്തി പറഞ്ഞു പരിപാടിക്ക് താമസിച്ചു വന്നാൽ മതിയെന്ന്. അനിൽ രാധാകൃഷ്‌ണമേനോനാണ് മറ്റൊരു ചീഫ് ഗസ്റ്റെന്നും സാധാരണക്കാരനായ തന്നെ ഗസ്റ്റായി വിളിച്ചാൽ അനിൽ രാധാകൃഷ്‌ണമേനോൻ സ്റ്റേജിലേക്ക് കയറില്ലെന്ന് പറഞ്ഞ കാര്യം ചെയർമാൻ തന്നോട് പറഞ്ഞെന്നും ബിനീഷ് പറഞ്ഞു. അവനോട് ഇവിടെ വരണ്ടെന്നും തന്റെ പടത്തിൽ ചാൻസ് ചോദിച്ച ആളാണ് അവനെന്നും അനിൽ പറഞ്ഞതായി ബിനീഷ് വിവരിക്കുന്നു.
ബിനീഷ് തുടർന്നു ഞാൻ മേനോനല്ല, “ഞാൻ നാഷണൽ അവാർഡ് വാങ്ങിക്കാത്ത ആളാണ്. എന്റെ ലെെഫിൽ തന്നെ ഏറ്റവും വലിയ ദുഃഖമുള്ള ദിവസമാണ് ഇന്ന്. എനിക്ക് വലിയ വേദനയുണ്ട്. ഇങ്ങനെയൊന്നും ഒരു വ്യക്തിയോടും കാണിക്കാൻ പാടില്ല. ഞാൻ ടെെലിന്റെ പണിയെടുത്ത് ജീവിച്ച ആളാണ്. വിജയ് സാറിന്റെ കൂടെ പടം ചെയ്‌തിട്ടുണ്ട്. ഞാൻ 220 ഓളം കോളേജിൽ ഗസ്റ്റ് ആയി പോയിട്ടുണ്ട്. ആദ്യമായിട്ടാണ് ഇങ്ങനെയൊരു അനുഭവം. വലിയ വിഷമം തോന്നുന്നുണ്ട്. എനിക്ക് വിദ്യാഭ്യാസമില്ല. ഞാൻ ഒരു കാര്യം എഴുതി കൊണ്ടുവന്നിട്ടുണ്ട്. അത് വായിക്കാൻ പോകുകയാണ്. മതമല്ല, മതമല്ല പ്രശ്നം. എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം. ഏത് മതക്കാരനല്ല പ്രശ്‌നം. എങ്ങനെ ജീവിക്കും എന്നതാണ് പ്രശ്‌നം. ഞാനും ജീവിക്കാൻ വേണ്ടി നടക്കുന്നവനാണ്. ഞാനും ഒരു മനുഷ്യനാണ്.”
“ഞാൻ പോകുകയാണ്. എന്നോട് ക്ഷമിക്കണം നിങ്ങള്. ഞാനൊരു വിദ്യാഭ്യാസമില്ലാത്ത ആളാണ്. ജീവിതത്തിൽ വലിയ വിഷമം തോന്നിയ ദിവസമാണ്. നിങ്ങളുടെ എല്ലാ പരിപാടികളും അടിപൊളിയാകട്ടെ. എല്ലാവർക്കും നന്ദി” ബിനീഷ് നടത്തിയ പ്രസംഗം പിന്നീട് സമൂഹമാധ്യമങ്ങളെല്ലാം ഏറ്റെടുത്തു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.