കോഴിക്കോട്. കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപ്പ ബാധിച്ചവരെ പരിചരിച്ച് മരണത്തിന് കീഴടങ്ങിയ സിസ്റ്റര്‍ ലിനിയെ മറക്കാന്‍ സാധിക്കില്ല. അന്താരാഷ്ട്ര നഴ്സ് ദിനത്തില്‍ ഭര്‍ത്താവ് സജീഷ് ഫേസ്ബുക്കിലെഴുതിയ കുറിപ്പ് ലിനിയുടെ ഓര്‍മകളെ വീണ്ടും ഉണര്‍ത്തുകയാണ്. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ വച്ച് നടന്ന ശസ്ത്രക്രിയയില്‍ നഴ്സുമാരുടെ പരിചരണത്തിലൂടെ ലിനിയുടെ സാമിപ്യം അനുഭവിച്ചെന്ന് സജീഷ് കുറിച്ചു. ശസ്ത്രക്രിയക്ക് ശേഷം സജീഷ് ആശുപത്രിയില്‍ തുടരുകയാണ്.
സര്‍ജറിക്കായി ഓപ്പറേഷന്‍ തിയേറ്ററില്‍ പ്രവേശിച്ചതു മുതല്‍ നഴ്സുമ്മാരില്‍ നല്‍കിയ ആത്മധൈര്യം വളരെ വലുതായിരുന്നു. തിയേറ്ററിലെ സ്നേഹ സംഭാഷണത്തിനിടെ ലിനിയുടെ സേവനമഹത്വത്തെക്കുറിച്ച് നഴ്സുമ്മാര്‍ പറഞ്ഞ കാര്യങ്ങളും സജീഷ് പങ്കു വച്ചു. “ഞങ്ങള്‍ അവളെ ഓര്‍ത്ത് അഭിമാനിക്കുന്നു, അവള്‍ എന്നും ഞങ്ങളുടെ ഹൃദയത്തിലുണ്ട്” എന്നായിരുന്നു അവരുടെ പ്രതികരണം.
Also Read : മഹാമാരിക്കാലത്തെ പോരാളികൾ; നഴ്സസ് ദിനത്തിൽ മാലാഖമാർക്ക് ലോകത്തിന്റെ ആദരം
“ശസ്ത്രക്രിയക്കിടെ നഴ്സുമാരും ആത്മസമര്‍പ്പണവും ത്യാഗമനോഭാവവും നേരിട്ടനുഭവിക്കാനായി, ലിനിയുടെ സാമിപ്യം അവരിലൂടെ അനുഭവിക്കുകയായിരുന്നു. ലിനീ നിന്റെ വിടവ് നികത്താനാകുന്നതല്ല,” സജീഷ് എഴുതി.
“സര്‍ജറിക്ക് ശേഷമുള്ള കരുതലും പരിചരണവുമൊന്നും മറക്കാനാകുന്നതല്ല. നിങ്ങളുടെ സേവനം തന്നെയാണ് ലോകത്തിലെ ഏറ്റവും മഹത്വരമായത് എന്ന് ഈ സമയത്ത് ഓർമപ്പെടുത്തട്ടെ”. ഏത് മഹാമാരിക്കും മുന്നിൽ നിന്ന് പട നയിക്കാൻ നിങ്ങളുണ്ടെങ്കിൽ നമ്മളൊരിക്കലും തോൽക്കില്ല എന്ന വാചകത്തോടെ നഴ്സ് ദിനാശംസകളും സജീഷ് അറിയിച്ചു.