പണക്കാരുടെ ഇഷ്‌ട സിഗരറ്റായ മാൾബറോയും 555ഉം സാധാരണക്കാരനിഷ്ടമായ കിങ്സും വിൽസും ഇല്ലാതിരുന്ന കാലത്ത് പാവപ്പെട്ടവനും പണക്കാരനും ഒരുപോലെ ഉപയോഗിച്ചിരുന്ന ഒന്നാണ് ബീഡി. സിനിമയിലും മാധ്യമങ്ങളിലുമടക്കം പുകവലിയും മദ്യപാനവും ഇന്നു കാണിക്കുന്നതിനോടൊപ്പം ആരോഗ്യത്തിന് ഹാനികരമാണെന്ന് കൂടി എഴുതി കാണിക്കാറുണ്ട്. ഈ കാലത്താണ് പണ്ടിറങ്ങിയ ഒരു പരസ്യം ശ്രദ്ധേയമാകുന്നത്.

ബീഡി വലിക്കാൻ ആളുകളെ ഉദ്ബോധിപ്പിക്കുന്ന സാധു ബീഡിയുടെ പരസ്യം ഏറെ കൗതുകം നിറഞ്ഞതും രസകരവുമാണ്. 1952ലാണ് സാധു ബീഡിയുടെ പരസ്യം ടെലികാസ്‌റ്റ് ചെയ്‌തത്. ഒരു കാലത്തിന്റെ അടയാളമായിരുന്ന ബീഡി അന്ന് ഒരു ജനതയുടെ അത്യാവശ്യ സാധനമായി മാറിയത് ഇത്തരം പരസ്യങ്ങളിലൂടെയാണ്. ബീഡി വലിക്കാൻ പ്രേരിപ്പിക്കുന്ന പരസ്യത്തിന്റെ ആദ്യ വാചകം തന്നെ ‘സാധു ബീഡി നല്ല സ്വാദുളള ബീഡി’ എന്നാണ്.

ബീഡികൊണ്ടുളള​ ഉപയോഗവും ഉപകാരവുമെല്ലാം മൂന്നര മിനിറ്റോളമുളള​ പരസ്യത്തിൽ ഗാനരൂപേണ പറയുന്നു. നാട്ടിലെങ്ങും പുതുമ തങ്ങുന്ന സാധു ബീഡി വലിക്കാൻ പറയുന്നതിനൊപ്പം സാധാരണക്കാരനും ഉദ്യോഗസ്ഥനും കലാകാരനുമെല്ലാം ബീഡി വലിച്ച് ആസ്വദിക്കുന്ന രംഗങ്ങളും വിഡിയോയിലുണ്ട്.

ഉണർവിനും ഉന്മേഷത്തിനും കവിത ഉണരാനും എല്ലാം ബീഡി നല്ലതാണെന്നും പരസ്യത്തിൽ പറയുന്നുണ്ട്. ബീഡി വലിക്കുന്നവരുടെ തലമുറ ഓർമകളിൽ മാത്രമാകുമ്പോഴാണ് ബീഡി വലിക്കാൻ പറയുന്ന സാധു ബീഡിയുടെ പരസ്യം കാലത്തിന്റെ ഓർമപ്പെടുത്തലാകുന്നത്.
നിയമപരമായുളള മുന്നറിയിപ്പ്: പുകവലിയും മദ്യപാനവും ആരോഗ്യത്തിന് ഹാനികരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ