മാർവൽ, ഡി സി കഥാപാത്രങ്ങളും കേരളത്തിന്റെ മിന്നൽ മുരളിയുമൊക്കെ സൂപ്പർ ഹീറോ എന്ന ആശയത്തെ ആസ്വാദകരിലേക്ക് കൂടുതൽ അടുപ്പിക്കാൻ സഹായിച്ചവരാണ്. അമേരിക്കൻ സൂപ്പർഹീറോസിനെ ശക്തരും സാഹസികരും വികാരങ്ങൾ അധികമായി കീഴ്പ്പെടുത്താത്തവരായി ചിത്രീകരിച്ചപ്പോൾ ഇങ്ങ് കൊച്ചു കേരളത്തിലെ ഒരു എ ഐ (Artificial Intelligence) ആർട്ടിസ്റ്റ് അവരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അമേരിക്കൻ സൂപ്പർഹീറോസിനെ കേരളമണ്ണിൽ ലാൻഡ് ചെയ്യിപ്പിച്ചത് ആർട്ടിസ്റ്റ് ആർ അരുൺ ആണ്. ഡി സി, മാർവൽ ഹീറോസായ ബാറ്റ്മാൻ, സൂപ്പർമാൻ, സ്പൈഡർമാൻ, വണ്ടർ വുമൺ, ബ്ലാക്ക് വിഡോ കഥാപാത്രങ്ങൾ അവരുടെ ധൈര്യമെല്ലാം ചോർന്ന് കേരളത്തിലെത്തിയിരിക്കുകയാണ്.
കുടയും ചൂടി വവ്വാലുകളാൽ നശിപ്പിക്കപ്പെട്ട നെൽവയൽ നോക്കി നിൽക്കുകയാണ് ബാറ്റ്മാൻ. പാലക്കാട് നിന്നുള്ള ഈ ദൃശ്യം അനീതിയ്ക്കെതിരെ പോരാടി ശീലിച്ച ബാറ്റ്മാനെ സങ്കടപ്പെടുത്തുന്നു. ശക്തയും ധീരയുമായ വണ്ടർ വുമൺ കോഴിക്കോട്ടെ ഒരു വീട്ടിൽ തുണി കഴുകി ക്ഷീണിച്ചിരിപ്പാണ്! തൃശൂരെത്തിയ അയൺമാനാകട്ടെ ബോറടിച്ച് മടുത്ത് പുഴക്കരയിൽ ചൂണ്ടയിട്ടിരിക്കുകയാണ്.
ഇവർ മാത്രമല്ല, തേങ്ങ മോഷ്ടിച്ച് പിടിക്കപ്പെട്ട് മറ്റൊരു വഴിയില്ലാതെ കൊല്ലത്ത് മേസ്തിരി പണിയ്ക്ക് പോകേണ്ടി വന്ന സ്പൈഡർമാനെയും ചിത്രങ്ങളിൽ കാണാം. തിരുവനന്തപുരത്തുള്ള കെ എസ് ആർ ടി സി ബസ്സിൽ തന്റെ പ്രണയിനി ബ്ലാക്ക് വിഡോയെ കാണാതെ വിഷമിച്ച് നിൽക്കുന്ന സൂപ്പർമാൻ. ശേഷം ഉള്ളൂരുള്ള കടയിൽ ചെന്ന് ഒരു ഗ്ലാസ്സ് ചായയും കുടിച്ച് സൂപ്പർമാൻ അവളെയും ഓർത്തിരിക്കുന്നു. എന്നാൽ ഇതേ സമയം ബ്ലാക്ക് വിഡോ രാത്രിയിലെ ആയാസമേറിയ പണിയും കഴിഞ്ഞ് ആലപ്പുഴയിലെ വയൽക്കരയിൽ കിടന്ന് നല്ല ഉറക്കമാണ്.
“ഇവർ എന്താണ് ഇവിടെ ചെയ്യുന്നത്? ഇതിനെന്തെങ്കിലുമൊരു പശ്ചാത്തലമുണ്ടൊ? എന്തെങ്കിലും വിശദീകരണമുണ്ടൊ?” എന്നാണ് ഈ ചിത്രങ്ങൾ കണ്ട എം പി ശശി തരൂർ ട്വിറ്റ് ചെയ്തത്. ഇത് ഒരുപക്ഷെ ശശി തരൂരിനു മാത്രം തോന്നിയ കാര്യമായിരിക്കില്ല, ഈ ചിത്രങ്ങൾ കണ്ട ഏതൊരാളുടെയും മനസ്സിൽ ഉയരുന്ന ചോദ്യങ്ങളാണിവ.
വിഷമത്തോടെ നിൽക്കുന്ന സൂപ്പർഹിറോസ് ഒറ്റ ദിവസം കൊണ്ടു തന്നെ സോഷ്യൽ മീഡിയ കീഴടക്കുകയായിരുന്നു. കരുത്തരും ധീരരുമായി മാത്രം ചിത്രീകരിക്കുന്ന സൂപ്പർഹീറോസിനെ മറ്റൊരു കാഴ്ച്ചപ്പാടിൽ കൂടി കാണാൻ ശ്രമിക്കുകയാണ് അരുൺ. “ലോക പ്രശസ്തരമായ ഇവരെ പ്രാദേശികമായ ചില ഘടകങ്ങളുമായി ബന്ധിപ്പിക്കുകയാണ് ഞാൻ ചെയതത്,” അരുൺ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
കൊട്ടാരക്കര സ്വദേശിയായ അരുണിന് ഈ സൂപ്പർഹിറോസിനേക്കാൾ പ്രിയം പുരാണ കഥാപാത്രങ്ങളെയാണ്. മിഡ്ജേണി എന്ന വിദ്യ ഉപയോഗിച്ചാണ് അരുൺ ഈ സൃഷ്ടികൾക്കെല്ലാം ജന്മം നൽകിയത്. സൂപ്പർ ഹീറോസിനെ കുറിച്ച് കേട്ടറിഞ്ഞ് അരുണിന്റെ പ്രൊഫൈൽ തിരഞ്ഞുപിടിച്ചെത്തുന്നവർ ഏറെയാണ്. അതേസമയം, ചിത്രങ്ങളിലെ സെക്ഷ്വൽ എലമന്റുകളുടെ സാന്നിധ്യം മൂലം പലപ്പോഴും തന്റെ പോസ്റ്റുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അരുൺ പറയുന്നു.
ദൈവങ്ങളും സാങ്കേതിക വിദ്യയും തമ്മിലുള്ള ബന്ധത്തെ കാണിച്ചുകൊണ്ട് അരുൺ ചെയ്ത പരീക്ഷണ ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കേരളത്തിലെ കടൽ തീരത്ത് ഇലക്ട്രിക്ക് വയറുകളും മറ്റ് ഉപകരണങ്ങളുമായി നിൽക്കുന്ന ദേവിയുടെ രൂപം അനവധി ആളുകളെ മറ്റൊരു ലോകത്തേയ്ക്ക് കൊണ്ടുപോയി. “കലയിലൂടെ നമുക്ക് ഒരുപാട് തലങ്ങളിലേക്ക് സഞ്ചരിക്കാം. ദൈവങ്ങളെ വച്ച് പല പരീക്ഷണങ്ങളും ചെയ്യാം,” അരുൺ പറഞ്ഞു. കേരളത്തിന്റെ മണ്ണിലുള്ള യേശു ക്രിസ്തുവും അരുണിന്റെ ഭാവനയിൽ നിന്ന് പിറന്നതാണ്. ടെൻസർ ശങ്കരൻ, കാളി മാട്രിക്സ്, ബുദ്ധ ഇൻ ലൂപ്പ് അങ്ങനെ നീളുന്നു മറ്റ് പരീക്ഷണങ്ങൾ.
‘ഞാൻ ഗന്ധർവ്വൻ’ എന്ന പത്മരാജൻ ചിത്രത്തെ ആസ്പദമാക്കി ഒരു എ ഐ പരീക്ഷണവും അരുൺ ചെയ്തു. ശംഖുമുഖം ബീച്ചിൽ ഒരു യുവതിയുടെ മുന്നിൽ പൊങ്ങിവരുന്ന അന്യഗ്രഹ ജീവിയുടെ രൂപത്തിലുള്ള ഗന്ധർവ്വനായിരുന്നു അരുണിന്റെ ഭാവനയിൽ തെളിഞ്ഞത്. ഇത്തരം പുരാണ കഥാപാത്രങ്ങളെ വേറിട്ടൊരു ശൈലിയിൽ ചിത്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അരുൺ പറയുന്നു.
അരുണിന്റെ പരീക്ഷണങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. “ബുദ്ധനെ എന്നും ശാന്തതയോട് താരതമ്യപ്പെടുത്തുന്ന പ്രവണതയെ തകർക്കാൻ താൻ ആഗ്രഹിക്കുന്നു. ബുദ്ധനെ ഉഗ്രഭീതി നിറഞ്ഞ രൂപത്തിൽ സൃഷ്ടിക്കണം,” വേറിട്ട ചിന്തകൾ പുലർത്തുന്ന, കൗതുകമുള്ള കാഴ്ചകൾ തേടാനിഷ്ടമുള്ള അരുൺ പറയുന്നു.