/indian-express-malayalam/media/media_files/uploads/2020/09/Sachin-Tendulkar.jpg)
കർഷക പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ പ്രസ്‌താവന വലിയ ചർച്ചയായിരിക്കുകയാണ്. സച്ചിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടുന്നു. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്‌ത് കർഷകർ നടത്തുന്ന ഐതിഹാസിക സമരത്തെ സച്ചിൻ ഇതുവരെ കണ്ടില്ലേ? എന്നാണ് വിമർശകരുടെ ചോദ്യം. എന്നാൽ, സച്ചിൻ നല്ലൊരു രാജ്യസ്‌നേഹിയാണെന്നും അദ്ദേഹത്തിന്റെ പ്രസ്‌താവന രാജ്യത്തിന്റെ ഒരുമയ്‌ക്ക് വേണ്ടിയുള്ളതാണെന്നും താരത്തെ പിന്തുണയ്‌ക്കുന്നവർ വാദിക്കുന്നു. എന്തായാലും കഴിഞ്ഞ ഏതാനും മണിക്കൂറുകളായി സച്ചിനാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. സച്ചിനെതിരായ ട്രോളുകൾ നിരവധിയാണ്..
ഇന്ത്യയുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇന്ത്യക്കറിയാം, മറ്റുള്ളവർ കാഴ്‌ചക്കാരായി നിന്നാൽ മതി എന്ന തരത്തിലുള്ള സച്ചിന്റെ പ്രസ്‌താവനയാണ് കൂടുതൽ പുലിവാലായത്. ഇന്ത്യ 2011 ൽ ലോകകപ്പ് നേടിയപ്പോൾ ടീം പരിശീലകൻ ഒരു വിദേശിയായിരുന്നില്ലേ എന്നൊക്കെ ട്രോളൻമാർ സച്ചിനോട് തിരിച്ചു ചോദിച്ചു.
നിവിൻ പോളിയെ നായകനാക്കി എബ്രിഡ് ഷൈൻ സംവിധാനം ചെയ്‌ത '1983' എന്ന ചിത്രത്തിലെ ഒരു രംഗവും ട്രോളുകളിൽ ഇടം നേടിയിരിക്കുന്നു. ക്രിക്കറ്റ് പശ്ചാത്തലമാക്കിയുള്ള സിനിമയിൽ സച്ചിൻ ടെൻഡുൽക്കറുടെ ചിത്രം നോക്കി 'ഇത് ആരാ ചേട്ടാ?' എന്ന് ചോദിക്കുന്ന സുശീലയായിരുന്നു ശരിയെന്ന് ട്രോളൻമാർ പറയുന്നു.
സച്ചിനും കോഹ്‌ലിയുമൊക്കെ പ്രതികരിച്ചിട്ടും ധോണി എന്താണ് മിണ്ടാത്തതെന്ന് ചില ട്രോളൻമാർ ചോദിക്കുന്നു.
/indian-express-malayalam/media/media_files/uploads/2021/02/Maria.jpg)
അതിനിടയിൽ വളരെ വ്യത്യസ്തമായ മറ്റൊരു കാഴ്‌ചയും കാണാം. ടെന്നീസ് ഇതിഹാസം മരിയ ഷറപ്പോവയുടെ ഔദ്യോഗിക പേജിൽ മലയാളികൾ അടക്കം നിരവധി കമന്റുകൾ ചെയ്തിരിക്കുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിനെ അറിയില്ല എന്നു പറഞ്ഞതിനു മലയാളികൾ അടക്കം നിരവധി പേരിൽ നിന്ന് രൂക്ഷ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഷറപ്പോവ. അന്നു സച്ചിനുവേണ്ടി തങ്ങൾ വിളിച്ച തെറികൾക്കെല്ലാം മാപ്പ് നൽകണമെന്നാണ് ഇന്ന് ഷറപ്പോവയുടെ ചിത്രങ്ങൾക്ക് താഴെ വന്നിരിക്കുന്ന മലയാളികളുടെ കമന്റ്. 2014 ലാണ് വിംബിള്‍ഡണ്‍ വേദിയില്‍ വച്ച് സച്ചിനെ അറിയില്ലെന്ന് മരിയ ഷറപ്പോവ പറഞ്ഞത്.
ഇന്ത്യയുടെ പരമാധികാരത്തിൽ വിട്ടുവീഴ്‌ച ചെയ്യരുതെന്നാണ് സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം. “പുറത്തുനിന്നുള്ളവർക്ക് കാഴ്‌ചക്കാരായി നിൽക്കാം, ഇന്ത്യയുടെ പരമാധികാരത്തിൽ ഇടപെടരുത്. ഇന്ത്യക്കാർക്ക് ഇന്ത്യയെ അറിയാം, ഇന്ത്യയ്‌ക്ക് വേണ്ടി തീരുമാനങ്ങളെടുക്കാനും. ഒരു രാജ്യം എന്ന നിലയിൽ നമുക്ക് ഐക്യപ്പെട്ടു നിൽക്കാം” സച്ചിൻ ട്വീറ്റ് ചെയ്തു. #IndiaTogether, #IndiaAgainstPropaganda തുടങ്ങിയ ഹാഷ്‌ടാഗോടെയാണ് സച്ചിന്റെ ട്വീറ്റ്. കർഷക സമരത്തെ കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും ട്വീറ്റിലില്ല. കർഷക സമരത്തെ പിന്തുണച്ച് വിദേശ സെലിബ്രിറ്റികൾ അടക്കം രംഗത്തെത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പ്രതികരണം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.