തന്റെ ജീവിതത്തിലെ ചില നിമിഷങ്ങളൊക്കെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുന്നയാളാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. മകന്‍ അര്‍ജുനൊപ്പം ഗോവയിലാണ് സച്ചിന്‍ ഇപ്പോള്‍. ഗോവയില്‍ പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനം നേരിട്ടുകണ്ട അനുഭവം വീഡിയോയിലൂടെ പങ്കുവച്ചിരിക്കുകയാണ് മുന്‍താരം. മത്സ്യബന്ധനം കാണുക മാത്രമല്ല മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം പങ്കുചേരുകയും ചെയ്തും മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഒടുവില്‍ ഭക്ഷണവും കഴിച്ചായിരുന്നു മടക്കം.
സച്ചിനോട് പരമ്പരാഗത മത്സ്യബന്ധനത്തെക്കുറിച്ച് വിശദീകരിക്കുന്ന ഒരാളെയും വീഡിയോയില്‍ കാണാന്‍ സാധിക്കും. എങ്ങനെയാണ് മീന്‍വല ബോട്ടിനുള്ളില്‍ വയ്ക്കുന്നതെന്നുമെല്ലാം അയാള്‍ സച്ചിന് കാണിച്ചു കൊടുക്കുന്നുണ്ട്.
പൂര്‍വികര്‍ പകര്‍ന്ന് നല്‍കിയ തൊഴില്‍ തങ്ങളും തുടരുകയാണെന്നും വരുന്ന തലമുറയും ഇത് കൊണ്ടുപോകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം സച്ചിനോട് പറയുന്നുണ്ട്. സച്ചിന്‍ വാക്കുകള്‍ അംഗീകരിക്കുകയും ചെയ്യുന്നു.
“ആളുകള്‍ ഗോവയിലേക്ക് വരുമ്പോള്‍ ചിന്തിക്കുന്ന കാര്യം സീ ഫൂഡിനെ പറ്റിയാണ്. പക്ഷെ അതിന് പിന്നിലെ കഷ്ടതകള്‍ ആരും തന്നെ മനസിലാക്കുന്നില്ല എന്നതാണ് മറ്റൊരു കാര്യം,” സച്ചിന്‍ പറയുന്നു.
മത്സ്യത്തൊഴിലാളികള്‍ ബോട്ട് കടലിലേക്ക് പ്രത്യേക രീതിയില്‍ എത്തിക്കുന്നത് കണ്ട് സച്ചിന്‍ അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. അവര്‍ക്കൊപ്പം ചേര്‍ന്ന് ബോട്ട് കരയ്ക്കടുപ്പിക്കാനും താരം സഹായിക്കുന്നുണ്ട്. സച്ചിനോട് ഇക്കാര്യങ്ങള്‍ വിശദീകരിച്ച വ്യക്തിയുടെ വീട്ടിലെത്തി ഭക്ഷണവും കഴിച്ചായിരുന്നു മടക്കം. ഒപ്പം മകന്‍ അര്‍ജുനുമുണ്ടായിരുന്നു.
ഇളനീര്‍ വേണമെന്ന് സച്ചിന്‍ ആവശ്യപ്പെട്ടപ്പോള്‍ തെങ്ങില്‍ കയറി ഇളനീര്‍ അദ്ദേഹം ഇട്ടുനല്‍കുകയും ചെയ്തു. കഴിഞ്ഞ ദിവസം താരം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ 24 ലക്ഷം പേരാണ് കണ്ടത്.