ക്രിക്കറ്റിൽനിന്നും വിരമിച്ചെങ്കിലും ആരാധകർക്കായി തന്റെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട് ഇതിഹാസതാരം സച്ചിൻ തെൻഡുൽക്കർ. യാത്രയ്ക്കിടയിൽ റോഡരികിലെ കടയിൽനിന്നും ചായയും റസ്കും കഴിക്കുന്നതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് സച്ചിൻ.
ബെൽഗാം-ഗോവ എക്സ്പ്രസ്‌വേയിൽ കൂടി മകനൊപ്പം കാറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ചായ കുടിക്കാനായി സച്ചിൻ റോഡരികിലെ കടയിൽ എത്തിയത്. റോഡരികിൽനിന്നുകൊണ്ടുതന്നെ സച്ചിൻ ചായയും റസ്കും ആസ്വദിച്ച് കഴിച്ചു. സച്ചിന്റെ മകൻ അർജുൻ ക്യാമറയെ കണ്ട് കാറിന്റെ വാതിലിനു പിന്നിലേക്ക് മാറുന്നതും വീഡിയോയിൽ കാണാം.
സ്റ്റാൾ ഉടമയ്ക്ക് ഒപ്പവും പ്രദേശവാസികൾക്കൊപ്പവും സച്ചിൻ ഫൊട്ടോ എടുക്കുന്നതും വീഡിയോയിലുണ്ട്. ആറു മില്യനിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. ”അവരുടെ ദിവസം താങ്കൾ മനോഹരമാക്കി”യെന്നാണ് ഒരു ഇൻസ്റ്റഗ്രാം യൂസർ കമന്റ് ചെയ്തത്. ”ആ ചായ വിൽപനക്കാരൻ തീർച്ചയായും ഒരു പ്രത്യേക വ്യക്തിയാണ്… ദൈവം അയാളുടെ സ്ഥലത്ത് ചായ കുടിക്കാൻ വന്നു,” എന്നായിരുന്നു മറ്റൊരു കമന്റ്. ”എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരം, എന്തൊരു വിനയം” എന്നായിരുന്നു ഒരാളുടെ കമന്റ്.