ഏപ്രിൽ 24 നായിരുന്നു ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറിന്റെ പിറന്നാൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകർ അദ്ദേഹത്തെ ആശംസകൾ കൊണ്ട് പൊതിഞ്ഞു.
മകൾ സാറയ്ക്കും ഭാര്യ അഞ്ജലിയ്ക്കമൊപ്പമുള്ള ചിത്രം സച്ചിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. “എല്ലാ ദിവസവും നിങ്ങൾ ഹാഫ് സെൻഞ്ച്വറി അടിക്കണമെന്നില്ല, പക്ഷെ അങ്ങനെ ചെയ്യുമ്പോൾ അത് പ്രിയപ്പെട്ടവർക്കൊപ്പം ആഘോഷമാക്കാൻ ശ്രമിക്കുക. എന്റെ ടീമായ കുടുംബത്തിനൊപ്പം ഏറെ സവിശേഷമായ 50 ഒരു വില്ലേജിലാണ് ആഘോഷിച്ചത്” സച്ചിൻ ചിത്രത്തിനൊപ്പം കുറിച്ചു. ഐപിഎൽ തിരക്കുകളിലായിരിക്കുന്ന മകൻ അർജുനെ മിസ്സ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.
മൺ പാത്രം അടുപ്പിൽ വച്ച് അതിലേക്ക് കുഴൽ ഉപയോഗിച്ച് ഊതുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ. ഭാര്യയും മകളും പുഞ്ചിരിച്ചു കൊണ്ട് ചിത്രങ്ങൾക്കു പോസ് ചെയ്യുന്നുമുണ്ട്.
സച്ചിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. “നമ്മൾ വളർന്നു വന്ന വേരുകളിലേക്ക് ഇടയ്ക്ക് മടങ്ങി പോകുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു, കുടുംബമാണ് നാം എന്ന വ്യക്തിയെ ഉണ്ടാക്കിയെടുക്കുന്ന വേര്” മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ദിലീപ് ദോഷ് ചിത്രത്തിനു താഴെ കുറിച്ചു. “വില്ലേജിൽ ചെല്ലുമ്പോൾ അവരെ പോലെ ഭക്ഷണം പാകം ചെയ്യുന്നു, ക്രിക്കറ്റിന്റെ ദൈവം” എന്നാണ് ഒരു ആരാധകന്റെ കമന്റ്.
സോഷ്യൽ മീഡിയയിൽ സജീവമായ സച്ചിൻ ഇടയ്ക്ക് തന്റെ ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സ്വിമിങ്ങ് പൂളിനടുത്തിരുന്ന് ചായ കുടിക്കുന്ന ചിത്രം സച്ചിൻ പിറന്നാൾ ദിനത്തിൽ ഷെയർ ചെയ്തിരുന്നു.