മുംബൈ: യുവരാജ് സിങ്ങിന്റെ കീപ്പ് ഇറ്റ് അപ്പ് ചലഞ്ച് സ്വീകരിച്ച് മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെൻഡുൽക്കർ. ബാറ്റുപയോഗിച്ച് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യിപ്പിക്കണമെന്നതായിരുന്നു യുവിയുടെ ചലഞ്ച്. വെള്ളിയാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോക്കൊപ്പമാണ് യുവി സച്ചിനെയും രോഹിത് ശർമയെയും ഹർഭജൻ സിങ്ങിനെയും ചലഞ്ച് ചെയ്തത്.

യുവിയുടെ വീട്ടിൽ നിന്ന് ഷൂട്ട് ചെയ്ത വീഡിയോയിൽ അദ്ദേഹം തന്റെ ബാറ്റുപയോഗിച്ച് പന്ത് തുടർച്ചയായി ബൗൺസ് ചെയ്യുന്നതിനൊപ്പം ഇത് പോലെ ചെയ്യാൻ സച്ചിനെയും, രോഹിതിനെയും ഹർഭജനെയും വെല്ലുവിളിക്കുകയായിരുന്നു.

“ഞാൻ വീട്ടിൽ കഴിയുകയാണ്, കൊറോണ വൈറസിന്റെ വ്യാപനം തടയാൻ. എത്രകാലം അങ്ങനെ ചെയ്യേണ്ടി വരുമോ അത്രയും കാലം അങ്ങനെ ഞാൻ തുടരും”- യുവി ട്വീറ്റിൽ പറഞ്ഞു. തുടർന്നാണ് പന്ത് ബൗൺസ് ചെയ്യുന്നതിന് സച്ചിനടക്കമുള്ള താരങ്ങളെ യുവി വെല്ലുവിളിച്ചത്.

“ഞാൻ സച്ചിൻ ടെൻഡുൽക്കറെയും രോഹിത് ശർമയേയും ഹർഭജൻ സിങ്ങിനേയും ക്ഷണിക്കുന്നു. മാസ്റ്റർ ബ്ലാസ്റ്റർക്ക് ഇത് എളുപ്പമാണ്. രോഹിത് ശർമയ്ക്കും എളുപ്പമായിരിക്കും. എന്നാൽ ഹർഭജൻ സിങ്ങിന് ഇത് അത്ര എളുപ്പമാവില്ല. ഓൾ ദ ബെസ്റ്റ് ചങ്ങാതിമാരെ.”-യുവി പറഞ്ഞു. ഇതിനിടെ ഹർഭജൻ സിങ്ങിന്റെ പേര് പറയുമ്പോൾ യുവിയുടെ പന്ത് തെറിച്ചുപോയെങ്കിലും അത് മിസ്സാവാതെ സംരക്ഷിക്കുന്നതും വീഡിയോയിൽ കാണാം.

വെല്ലുവിളി സ്വീകരിച്ച സച്ചിൻ ഇൻസ്റ്റഗ്രാമിലൂടെയാണ് അതിന്റെ വീഡിയോ പങ്കുവച്ചത്. എന്നാൽ സച്ചിൻ ഈ വെല്ലുവിളി സ്വീകരിച്ചത് വളരെ വ്യത്യസ്ഥമായാണ്. കറുത്ത തുണികൊണ്ട് കണ്ണ് കെട്ടിയാണ് സച്ചിൻ പന്ത് ബൗൺസ് ചെയ്തത്. എന്നിട്ട് യുവിയെ തിരിച്ച് വെല്ലുവിളിക്കുകയും ചെയ്യുന്നുണ്ട് സച്ചിൻ.

“യുവി, ഞാൻ നിങ്ങളെ തിരിച്ച് വെല്ലുവിളിക്കുന്നു, എന്നാൽ ഇത്തവണ ഒരു ട്വിസ്റ്റോടു കൂടി! എല്ലാവരോടും എനിക്ക് ആവശ്യപ്പെടാനുള്ളത് സുരക്ഷിതരായിരിക്കണമെന്നും ശ്രദ്ധിക്കണമെന്നുമാണ്.”- ഇൻസ്റ്റഗ്രാമിൽ സച്ചിൻ കുറിച്ചു.

 

View this post on Instagram

 

A post shared by Sachin Tendulkar (@sachintendulkar) on

“യുവീ നീയെനിക്ക് വളരെ എളുപ്പമുള്ള ഓപ്ഷൻ തന്നു. അതിനാൽ ഇപ്പോൾ ഞാൻ നിനക്ക് കുറച്ച് ബുദ്ധിമുട്ടുള്ള ഓപ്ഷൻ തരുന്നു. ഞാൻ നിങ്ങളെ ക്ഷണിക്കുന്നു സുഹൃത്തേ. വരൂ, ഇത് എനിക്ക് വേണ്ടി ചെയ്യൂ”- ഇൻസ്റ്റഗ്രാം പോസ്റ്റിലെ ആദ്യ വീഡിയോയിൽ സച്ചിൻ പറഞ്ഞു.

രണ്ടാമത്തെ വീഡിയോയിൽ ഞാൻ നിങ്ങൾക്ക് ഇതിനുള്ള വഴികൂടി കാണിച്ചു തരാം എന്ന് പറഞ്ഞ് സച്ചിൻ തന്റെ കണ്ണ് കെട്ടിയ തുണി അഴിച്ചെടുക്കുകയാണ്. അപ്പുറത്തേക്ക് കാണാൻ സാധിക്കുന്ന തരത്തിലുള്ള തുണിയാണ് താൻ ഉപയോഗിച്ചതെന്ന് സച്ചിൻ നിവർത്തിക്കാണിക്കുകയും ചിരിക്കയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook