ജയ്പൂര്‍: രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രി ആക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ബിജെപി ഭരിച്ച സംസ്ഥാനത്ത് തകര്‍പ്പന്‍ വിജയം കോണ്‍ഗ്രസ് സ്വന്തമാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സച്ചിന്‍ പൈലറ്റിന്റെ പേര് ഉയര്‍ന്നു കേട്ടത്. എന്നാല്‍ ഈ തിരഞ്ഞെടുപ്പ് നേരത്തെ സച്ചിന്‍ പൈലറ്റിനേക്കാളും ഗൂഗിളില്‍ തിരയപ്പെട്ടത് അദ്ദേഹത്തിന്റെ ഭാര്യ സാറാ പൈലറ്റിന്റെ പേരാണ്.

ഗൂഗിള്‍ ട്രെന്‍ഡ് അനുസരിച്ച് ‘സച്ചിന്‍ പൈലറ്റ്’ എന്ന വാക്കിനേക്കാളും തിരയപ്പെട്ടത് ‘സച്ചിന്‍ പൈലറ്റിന്റെ ഭാര്യ’ എന്ന വാക്കാണ്. കഴിഞ്ഞ ഒരാഴ്ച്ചക്കാലമായി നിരവധി നിരവധി തവണയാണ് സാറാ പൈലറ്റിനെ ഇന്ത്യക്കാര്‍ തിരഞ്ഞത്. ഡിസംബര്‍ 7ന് വോട്ടെടുപ്പ് നടന്ന രാജസ്ഥാനിലെ ഫലം 11നാണ് പ്രഖ്യാപിച്ചത്. 199 സീറ്റുകളില്‍ 99 എണ്ണം കോണ്‍ഗ്രസ് നേടിയപ്പോള്‍ ബിഎസ്പിയും എസ്പിയും പിന്തുണ പ്രഖ്യാപിച്ചു. അശോക് ഗേലോട്ട്, സച്ചിന്‍ പൈലറ്റ് എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പ്രമുഖര്‍.
ജമ്മു കശ്മീരിലെ പ്രമുഖ രാഷ്ട്രീയ സംഘമായ അബ്ദുളള കുടുംബത്തിലുളളയാളാണ് സാറാ പൈലറ്റ്. കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുളളയുടെ മകളും ഒമര്‍ അബ്ദുളളയുടെ സഹോദരിയും ആണ് സാറ. നേരത്തേ സാറ അബ്ദുളള എന്ന പേര് പിന്നീട് വിവാഹത്തിന് ശേഷം സാറ അബ്ദുളള പൈലറ്റ് എന്നായി മാറി.

ലണ്ടനില്‍ പഠിച്ച് കൊണ്ടിരിക്കെ പ്രണയത്തിലായാണ് ഇരുവരും വിവാഹിതരായത്. പൈലറ്റ് കുടുംബവുമായി അബ്ദുളള കുടുംബത്തിന് നേരത്തേ സുഹൃദ് ബന്ധം ഉണ്ടായിരുന്നെങ്കിലും ഇവര്‍ വിവാഹത്തെ എതിര്‍ത്തിരുന്നു. ഇരുവരും വ്യത്യസ്ത മതത്തില്‍ പെട്ടവരായത് കൊണ്ടായിരുന്നു അബ്ദുളള കുടുംബം എതിര്‍ത്തത്. തങ്ങളുടെ രാഷ്ട്രീയ ഭാവിയെ ഇരുവരുടേയും ബന്ധം ബാധിക്കുമെന്നായിരുന്നു കുടുംബത്തിന്റെ ആശങ്ക.

സച്ചിന്‍ പൈലറ്റ് തന്റെ കുടുംബക്കാരുടെ സമ്മതം ആദ്യം വാങ്ങിയെങ്കിലും സാറയുടെ കുടുംബം വിവാഹത്തെ എതിര്‍ത്തു. ഇരുവരുടേയും വിവാഹത്തിന് അബ്ദുളള കുടുംബം പങ്കെടുക്കുകയും ചെയ്തില്ല. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരേയും അബ്ദുളള കുടുംബം അംഗീകരിക്കുകയും ബന്ധം തുടരുകയും ചെയ്തു. ഇരുവര്‍ക്കും അരന്‍, വെഹാന്‍ എന്നിങ്ങനെ രണ്ട് ആണ്‍കുട്ടികളാണുളളത്.

രാഷ്ട്രീയത്തില്‍ നിന്നും അകന്ന് ജീവിക്കുന്ന സാറ സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുകയാണ്. ഹോട്ടല്‍ മാനേജ്മെന്റില്‍ ബിരുദവും അന്താരാഷ്ട്ര കാര്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയ ആളാണ് സാറ. ഐക്യരാഷ്ട്രസഭയുടെ സ്ത്രീകള്‍ക്കായുളള വികസന ഫണ്ടില്‍ സാറ ജോലി ചെയ്തിട്ടുണ്ട്.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും സമാനമായ ട്രെന്‍ഡ് ഉണ്ടായിരുന്നു. എച്ച്ഡി കുമാരസ്വാമി മുഖ്യമന്ത്രിയാകുമെന്ന് ഏറെക്കുറെ ഉറപ്പായ ഘട്ടത്തിലായിരുന്നു ഗൂഗിളില്‍ ഒരു പേര് ഇന്ത്യക്കാര്‍ നിരന്തരം തിരഞ്ഞത്. പ്രമുഖ ദക്ഷിണേന്ത്യന്‍ നടിയായ രാധിക കുമാരസ്വാമിയുടെ പേരാണ് ഗൂഗിള്‍ സെര്‍ച്ചില്‍ നിറഞ്ഞ് ട്രെന്‍ഡിംഗ് ആയി മാറിയത്.


കുമാരസ്വാമിയുടെ രണ്ടാം ഭാര്യയാണ് രാധിക. 2006ലാണ് ഇരുവരും വിവാഹതിരാണെന്ന വിവരം പുറത്തുവന്നത്. കോണ്‍ഗ്രസ് നേതാവും നടിയുമായ രമ്യയും കുമാരസ്വാമിയും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് ഇരുവരും തമ്മിലുളള ബന്ധം പുറത്തുവന്നത്. 2010ല്‍ മാത്രമാണ് തങ്ങള്‍ വിവാഹിതരാണെന്ന് രാധിക വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും ഒരു പെണ്‍കുട്ടിയുണ്ട്. ശാമിക കെ സ്വാമി എന്നാണ് കുട്ടിയുടെ പേര്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook