രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ പുറത്താക്കിയ കോൺഗ്രസ് നടപടിയെ ട്രോളിയും വിമർശിച്ചും സാമൂഹ്യമാധ്യമങ്ങളിൽ ട്രോളുകൾ നിറയുകയാണ്. നിരവധി ട്രോളുകൾക്കിടയിൽ ഏറെ ചർച്ചയായിരിക്കുന്നത് പി.വി.അൻവർ എംഎൽഎയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. നിയമസഭയിലെ മറ്റൊരു സമാജികനും കോൺഗ്രസ് നേതാവുമായ വി.ടി.ബൽറാമിനെ ട്രോളിയാണ് പി.വി.അൻവറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.
സച്ചിൻ പൈലറ്റിനൊപ്പം ബൽറാം നിൽക്കുന്ന ചിത്രമാണ് അൻവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. “മറ്റ് ടീമുകൾ പോലല്ല..ഞങ്ങൾക്ക് ഒരുപാട് കളിക്കാരുണ്ട്..!! പത്ത് പതിനെട്ട് വിക്കറ്റൊക്കെ പോയാലും ഞങ്ങൾക്കതൊക്കെ നിസ്സാരമാണെന്ന് മറക്കരുത്..” എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റിട്ടിരിക്കുന്നത്. കോൺഗ്രസിൽ നിന്നു ബിജെപിയിലേക്ക് നിരവധി നേതാക്കൾ പോകുന്നതിനെ കുറിച്ച് ഒരു വിദ്യാർഥിനി ബൽറാമിനോട് ചോദിക്കുന്നതും ബൽറാം അതിനു നൽകിയ ഉത്തരവും നേരത്തെ വാർത്തയായിരുന്നു. അതിന്റെ ചുവടുപിടിച്ചാണ് അൻവറിന്റെ ഇപ്പോഴത്തെ ട്രോൾ. ‘കോൺഗ്രസിനു കുറേ നേതാക്കൻമാരുള്ളതുകൊണ്ടാണ് കുറച്ചുപേർ ബിജെപിയിലേക്ക് പോകുന്നത്’ എന്നായിരുന്നു വി.ടി.ബൽറാം അന്ന് പറഞ്ഞത്.
Read Also: സച്ചിൻ ക്ലീൻബൗള്ഡ്; ഉപമുഖ്യമന്ത്രി സ്ഥാനവും കോൺഗ്രസ് അധ്യക്ഷസ്ഥാനവും തെറിച്ചു
അതേസമയം, വിമത നീക്കം നടത്തിയ സച്ചിൻ പൈലറ്റിനെതിരെ ശക്തമായ നടപടിയാണ് കോൺഗ്രസ് എടുത്തത്. രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും സച്ചിൻ പൈലറ്റിനെ നീക്കി. സമവായ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് സച്ചിൻ പൈറ്റിനെതിരെ നടപടിയെടുക്കാൻ കോൺഗ്രസ് കേന്ദ്ര നേതൃത്വം തീരുമാനിച്ചത്. തനിക്കെതിരെ നടപടിയെടുത്ത വിവരം അറിഞ്ഞതിനു തൊട്ടുപിന്നാലെ ട്വിറ്റർ ബയോയിൽ നിന്നു കോൺഗ്രസ് അധ്യക്ഷൻ, രാജസ്ഥാൻ ഉപമുഖ്യമന്ത്രി എന്നീ വിവരങ്ങൾ സച്ചിൻ നീക്കം ചെയ്തു. കോൺഗ്രസ് ആസ്ഥാനത്തെ സച്ചിൻ പൈലറ്റിന്റെ പേര് എഴുതിയുള്ള ബോർഡ് പാർട്ടിയും നീക്കം ചെയ്തു.