ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന് പ്രഖ്യാപിച്ച യുവാവ് വാക്ക് പാലിച്ചെന്ന് വിവരം. പകുതി മീശയുമായി നില്ക്കുന്ന ചിത്രം ഇയാള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മാവേലിക്കര സ്വദേശിയായ രാജേഷ് കുറുപ്പാണ് പാതി മീശയുമായുളള ചിത്രം പോസ്റ്റ് ചെയ്തത്. ‘ശബരിമലയിൽ യുവതികൾ കയറിയാൽ പകുതി മീശ എടുക്കും എന്ന എന്റെ വാക്ക് ഞാൻ പാലിച്ചു. ഇത് ഹിന്ദുക്കളുടെ മുകളിലെ അവസാനത്തെ ആണി. ഹിന്ദു ആചാര പ്രകാരം ഇതിനു പ്രതിവിധി ഉണ്ട്. എന്നാലും ഹൈന്ദവർക്കു ഏറ്റ ഉണങ്ങാത്ത മുറിവായിരിക്കും ഇത്,’ രാജേഷ് തന്റെ ഫെയ്സ്ബുക്കില്‍ കുറിച്ചു.
എന്നാല്‍ പോസ്റ്റ് വൈറലായി മാറിയതിന് പിന്നാലെ ഇയാള്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതിന്റെ സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിക്കുന്നുണ്ട്. നേരത്തെ ശബരിമലയിലെ പൊലീസ് നടപടികളെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചതും ഇതേ രാജേഷ് കുറുപ്പാണ്. ശബരിമലയില്‍ പൊലീസ് കാടത്തം എന്ന അടിക്കുറിപ്പോടെ പ്രചരിപ്പിച്ച ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത് ഇദ്ദേഹമായിരുന്നു. ഭക്തനെ പൊലീസ് ബൂട്ടിട്ട കാല് കൊണ്ട് ചവിട്ടുകയാണെന്ന് പറഞ്ഞ് പ്രചരിപ്പിച്ച ചിത്രത്തില്‍ മോഡലായി അഭിനയിച്ചത് ഇദ്ദേഹമായിരുന്നു.
പിന്നീട് ഈ ചിത്രം ഫോട്ടോഷൂട്ട് നടത്തിയതാണെന്ന് തെളിഞ്ഞതോടെ പൊലീസ് കേസെടുക്കുയും ചെയ്തിരുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗയും കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവുമാണ് ശബരിമല ദര്‍ശനം നടത്തിയത്. 45 വയസില്‍ താഴെ പ്രായമുള്ളവരാണിവര്‍. പുലര്‍ച്ചെ 3.45 ഓടെയാണ് ഇവര്‍ ശബരിമലയിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
Read More: ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിച്ചാണ് മുഖ്യമന്ത്രിയുടെ വാക്കുകളെന്ന് കെ. സുധാകരന്
Read More: പ്രതികരിക്കാതെ തന്ത്രി; യുവതിപ്രവേശനം നിമയപരമായി തെറ്റല്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
ഡിസംബര്‍ 24ന് ദര്‍ശനത്തിന് എത്തിയ ഇരുവരും പ്രതിഷേധങ്ങളെ തുടര്‍ന്ന് തിരികെ പോയിരുന്നു. രക്തം വീഴ്ത്തി ശബരിമലയെ അശുദ്ധമാക്കാന്‍ ശ്രമിക്കുന്നവരെയാണോ നിങ്ങള്‍ ഭക്തരെന്ന് വിളിക്കുന്നതെന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു പ്രതിഷേധക്കാരോട് ചോദിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടെ ഇവരെ പമ്പയില്‍ നിന്നും പൊലീസ് തിരികെ കൊണ്ടുപോയി.