കൊച്ചി: ശബരിമല വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതിന് ഫെയ്സ്ബുക്കിലൂടെ അധിക്ഷേപിച്ചയാള്‍ക്കെതിരെ യുവ ഡോക്ടര്‍ പരാതി നല്‍കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രിംകോടതി ഉത്തരവിനെ അനുകൂലിച്ച് ഡോക്ടര്‍ ഷിനു ശ്യാമളന്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിന് താഴെ ആണ് സുജിത് പിഎസ് എന്നയാള്‍ അശ്ലീലം കലര്‍ന്ന അധിക്ഷേപ കമന്റ് ഇട്ടത്. വിവാഹേതര ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രിംകോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇയാള്‍ ഡോക്ടറെ അധിക്ഷേപിക്കാന്‍ ശ്രമിച്ചത്.

ഇതിനെതിരെയാണ് ഷിനു ശ്യാമളന്‍ തൃശൂർ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഫേസ്ബുക്കിൽ അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതിനാണ് പരാതി നല്‍കിയതെന്ന് ഡോക്ടര്‍ വ്യക്തമാക്കി. ‘മിണ്ടാതെ സഹിക്കേണ്ട ഒരു കാര്യവുമില്ല. സ്ത്രീകളെ ബഹുമാനിക്കണം. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാൽ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണം. സോഷ്യൽ മീഡിയയിൽ വായിൽ വരുന്ന അശ്ലീല വാക്കുകൾ ഉപയോഗിച്ചു വിളിക്കുന്നതൊക്കെ ഇനി സൂക്ഷിച്ചു വേണം. കാലം മാറി, അതോടൊപ്പം നിയമങ്ങളും’, ഷിനു വ്യക്തമാക്കുന്നു. തനിക്ക് വേണ്ടി മാത്രമല്ല, സ്ത്രീകൾക്കു വേണ്ടി മുഴുവനാണ് കമ്മീഷണർക്ക് പരാതി കൊടുത്തതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഡോക്ടര്‍ ഷിനു ശ്യാമളന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്:

തൃശൂർ പോലീസ് കമ്മീഷണർക്ക് പരാതി നൽകി. ഫേസ്ബുക്കിൽ അശ്ലീല വാക്കുകൾ ഉപയോഗിക്കുകയും, സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിയ്ക്ക് എതിരെ പരാതി കൊടുത്തു.

മിണ്ടാതെ സഹിക്കേണ്ട ഒരു കാര്യവുമില്ല. സ്ത്രീകളെ ബഹുമാനിക്കണം. സ്വന്തം കുടുംബത്തിലുള്ള സ്ത്രീകളെ മാത്രം ബഹുമാനിച്ചാൽ പോര, മറ്റുള്ള സ്ത്രീകളെയും ബഹുമാനിക്കണം. സോഷ്യൽ മീഡിയയിൽ വായിൽ വരുന്ന അശ്ലീല വാക്കുകൾ ഉപയോഗിച്ചു വിളിക്കുന്നതൊക്കെ ഇനി സൂക്ഷിച്ചു വേണം. കാലം മാറി, അതോടൊപ്പം നിയമങ്ങളും.

കർശന നടപടിയെടുക്കാൻ ഇവിടെ നിയമവും നിയമപാലകരുമുണ്ട്. കൂടാതെ പേടിച്ചു മാറി നിൽക്കാത്ത സ്ത്രീകളും. അതുകൊണ്ട് എന്ത് കാരണം കൊണ്ടാണെങ്കിലും സോഷ്യൽ മീഡിയയിലും ജീവിതത്തിലും സ്ത്രീകളെ ആക്ഷേപിക്കുവാൻ ഒരുത്തന്റെയും നാവോ കൈയ്യോ പൊങ്ങരുത്.

ഒരു പുരുഷന് നേരെ മറ്റൊരു പുരുഷന്റെ നാവ് പൊങ്ങില്ലെങ്കിൽ, പിന്നെ സ്ത്രീയ്ക്ക് നേരെ മാത്രം അപമാനകരമായ വാക്കുകൾ ഉപയോഗിക്കുവാൻ നാക്ക് ഇനി പൊങ്ങരുത്.

എനിക്ക് വേണ്ടി മാത്രമല്ല, സ്ത്രീകൾക്കു വേണ്ടി മുഴുവനാണ് ഞാൻ ഇന്ന് കമ്മീഷണർക്ക് പരാതി കൊടുത്തത്.

വിവഹേതര ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലെന്നും അതിനാൽ ഞാൻ മറ്റൊരു പുരുഷന്റെ കൂടെ രതി ചെയ്യുന്ന വീഡിയോ, ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യണം എന്നും, സ്ത്രീത്വത്തെ അപമാനിക്കുകയും, എന്നെ ഫേസ്ബുക്കിൽ ആക്ഷേപിക്കുകയും ചെയ്ത sujith ps എന്ന വ്യക്തിയ്ക്ക് എതിരെയാണ് തൃശൂർ കമ്മീഷണർക്ക് പരാതി കൊടുത്തത്.

ഇനി അവൻ ഇത് അവർത്തിക്കരുത്. അത് പാടില്ല.

Dr Shinu Syamalan

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook