കൊച്ചി: ശബരിമല അയ്യപ്പ ക്ഷേത്രത്തിലേക്ക് എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധിയിൽ സമ്മിശ്ര പ്രതികരണം. സമൂഹ മാധ്യമങ്ങളിൽ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായ പ്രകടനങ്ങൾ പുറത്തുവരുന്നുണ്ട്.

ശബരിമലയിലേക്ക് എല്ലാ വിഭാഗം സ്ത്രീകളെയും പ്രവേശിപ്പിച്ച് കൊണ്ടുളള വിധി പുറപ്പെടുവിച്ചത് അഞ്ചംഗ ഭരണഘടന ബെഞ്ചാണ്. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയടക്കം ബെഞ്ചിലെ നാല് പുരുഷ ജസ്റ്റിസുമാരും സ്ത്രീ പ്രവേശനത്തെ അനുകൂലിച്ചപ്പോൾ ഏക വനിത അംഗമായ ഇന്ദു മൽഹോത്രയാണ് വിയോജിച്ചത്.

അയ്യപ്പ ഭക്തർ പ്രത്യേക മതവിഭാഗമല്ലെന്നടക്കം ശക്തമായ ഭാഷയിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായം വായിച്ചത്. ജസ്റ്റിസ് ഖൻവിൽക്കറുടെ വിധിന്യായം കൂടിയാണ് ചീഫ് ജസ്റ്റിസ് വായിച്ചത്. “രണ്ടാം തരം സമീപനം സ്ത്രീകളുടെ വ്യക്തിത്വത്തെ താഴ്ത്തിക്കെട്ടുന്നതാണ്. സ്ത്രീ പുരുഷനെക്കാൾ താഴെയല്ല. മതങ്ങളുടെ ആണധികാര പ്രവണത വിശ്വാസത്തിന് മേലെ പോകുന്നത് അനുവദിക്കാനാവില്ല.” കോടതി പറഞ്ഞു.

 

“ജൈവീകമായതോ ശാരീരികമായതോ ആയ കാരണങ്ങൾ വിശ്വാസത്തിനുളള സ്വാതന്ത്ര്യത്തിന് വേണ്ടി അംഗീകരിക്കാൻ സാധിക്കില്ല. മതം അടിസ്ഥാനപരമായി ജീവിത രീതിയാണ്. ചില ആചാരങ്ങൾ യോജിക്കാൻ സാധിക്കാത്തതാണ് എന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിധിന്യായത്തിൽ പറഞ്ഞു. ഭരണഘടനയിലെ 25ാം അനുച്ഛേദം പ്രകാരമുളള അവകാശങ്ങൾ ശാരീരികമായ വ്യത്യാസങ്ങളാൽ വേർതിരിക്കുന്നില്ല. ശബരിമലയിൽ സ്ത്രീകളെ മാറ്റിനിർത്തുന്നത് ഭരണഘടനയുടെ അധികാരത്തെ മറികടക്കുന്നതാണെന്നും,” സുപ്രീം കോടതി വ്യക്തമാക്കി.

ഇതിന് പിന്നാലെ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും വ്യക്തികൾ വ്യത്യസ്തമായ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തി. ചിലർ വിധിയിൽ ആഹ്ലാദം  പ്രകടിപ്പിച്ചപ്പോൾ മറ്റ് ചിലർ ഇതിനോട് വിയോജിപ്പ് രേഖപ്പെടുത്തി. എന്നാൽ ചരിത്ര പ്രധാനമായ വിധിയെ തമാശരൂപേണ കൈകാര്യം ചെയ്തവരും ഈ കൂട്ടത്തിൽ ഉണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook