മോസ്കോ: കാണികളെ രസിപ്പിക്കാനായി കരടിയെ ഉപയോഗിച്ച റഷ്യന്‍ ഫുട്ബോള്‍ ലീഗിനെതിരെ വ്യാപക വിമര്‍ശനം. മത്സരം തുടങ്ങുന്നതിന് മുമ്പാണ് കരടിയെ മൈതാനത്ത് എത്തിച്ച് പ്രകടനങ്ങള്‍ ചെയ്യിച്ചത്. മാഷുക്- കെഎംവിയും, അന്‍ഗഷ്ടും തമ്മിലുളള മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിന് മുമ്പ് ഇരു കാലിലും നിന്ന കരടി കാണികള്‍ക്ക് നേരെ കൈയടിച്ച് കാണിക്കുന്നത് വീഡിയോയില്‍ കാണാന്‍ കഴിയും. ഇതിന് പിന്നാലെ കരടി പന്ത് റഫറിക്ക് കൈമാറുകയും ചെയ്യുന്നുണ്ട്.

വീഡിയോ വൈറലായതിന് പിന്നാലെ മൃഗസ്നേഹികളും ആരാധകരും, വന്യജീവി ക്ഷേമപ്രവര്‍ത്തകരും സംഭവത്തെ അപലപിച്ച് രംഗത്തെത്തി. മൃഗക്ഷേമ ചാരിറ്റി സംഘടനയായ പെറ്റയും ഇതിനെതിരെ രംഗത്തെത്തി. തീര്‍ത്തും ക്രൂരമായ നടപടിയാണ് ഇതെന്ന് സംഘടനയുടെ ഡയറക്ടര്‍ എലിസ അലന്‍ പറഞ്ഞു. ഫുട്ബോള്‍ കാണികളെ രസിപ്പിക്കാനായി കരടിയെ തടവില്‍ വെച്ച് കളിപ്പിക്കുന്നത് മൃഗാവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഇവര്‍ കുറ്റപ്പെടുത്തി. റഷ്യയുടെ പ്രതീകമായ കരടിയെ വെച്ചുളള ഇത്തരം പ്രവൃത്തിക്കെതിരെ ജനങ്ങള്‍ രംഗത്ത് വരുമെന്നാണ് പ്രതീക്ഷയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

സംഭവത്തിനെതിരെ ഫുട്ബോള്‍ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. 2018 ഫിഫ ലോകകപ്പിന്റെ വേദിയാകുന്ന റഷ്യയിലാണ് ഈ സംഭവം നടന്നതെന്നത് ഫുട്ബോള്‍ ലോകം വളരെ ശ്രദ്ധയോടും ഞെട്ടലോടെയുമാണ് വീക്ഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ