/indian-express-malayalam/media/media_files/uploads/2018/12/rss.jpg)
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിക്കുന്ന സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോക്കെതിരെ പ്രതിഷേധം ശക്തമായതിന് പിന്നാലെ രണ്ട് പേരും മാപ്പ് ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ്. പുതിയ വീഡിയോയിലാണ് ഇരുവരും മാപ്പ് ചോദിക്കുന്നത്. തങ്ങള്‍ക്ക് തെറ്റു പറ്റിയെന്നും മാപ്പ് തരണമെന്നും പറയുന്ന ഇരുവരും ഇനി മേലാല്‍ ഇത്തരത്തില്‍ സംസാരിക്കുകയില്ലെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
'ഡാ പിണറായി വിജയാ, നീയല്ല അന്റച്ഛന്‍ കോരനുണ്ടല്ലോ, അവന്‍ വിചാരിച്ചാലടക്കം ശബരിമലയില്‍ ഒരു പെണ്ണും കയറില്ല. നവോത്ഥാനമുണ്ടാക്കാന്‍ നീയാര് ചട്ടമ്പിസ്വാമിയോ, അല്ലെങ്കില്‍ ശ്രീനാരായണ ഗുരു ജയന്തിയോ' എന്നു തുടങ്ങുന്ന വീഡിയോയില്‍ ഇരുവരും മുഖ്യമന്ത്രിക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചിരുന്നു. അദ്ദേഹത്തെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള വീഡിയോ കഴിഞ്ഞ ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ആണ്‍ കുട്ടികളെപ്പോലെ ശബരിമലയിലേക്ക് പോയി വന്നവരാണ് തങ്ങളെന്നും കളിക്കാന്‍ നില്‍ക്കണ്ട നിന്റെ അവസാനത്തെയാണ് എന്നു പറഞ്ഞുമാണ് വീഡിയോ അവസാനിക്കുന്നത്. മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന വീഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് ഇരുവരും മാപ്പ് ചോദിക്കുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം സംസാരിച്ചത് മദ്യലഹരിയിലായിരുന്നുവെന്നും ഇരുവരും പറയുന്നുണ്ട് വീഡിയോയില്‍. തങ്ങളെ സ്ഥലത്തെ സിപിഎം പ്രവര്‍ത്തകര്‍ വന്ന് കണ്ടെന്നും അവര്‍ കാര്യങ്ങള്‍ സംസാരിച്ചപ്പോഴാണ് തെറ്റ് മനസിലായതെന്നും ഇനിമേലാല്‍ ആവര്‍ത്തിക്കില്ലെന്നും മാപ്പ് തരണമെന്നും ഇരുവരും വീഡിയോയില്‍ പറയുന്നു. ആരൊക്കയോ ചേര്‍ന്ന് ഇരുവര്‍ക്കും നിർദേശം നല്‍കുന്നതായും വീഡിയോയില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.