തെന്നിന്ത്യൻ സിനിമ ആരാധകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് ബാഹുബലിക്ക്ശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർആർആർ. ജൂനിയർ എൻടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം മാർച്ച് 25 വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തുന്നത്. കോവിഡ് കാരണം പലതവണ റിലീസ് മാറ്റിയെത്തുന്ന ചിത്രത്തെ സ്വീകരിക്കാൻ പ്രേക്ഷകർ അക്ഷമരായാണ് കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് തിയേറ്ററുകളിൽ എല്ലാം കട്ടൗട്ടുകൾ നിറഞ്ഞു കഴിഞ്ഞു. അതിനിടയിൽ ഒരു കട്ടൗട്ട് സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. ജൂനിയർ എൻടിആറും രാം ചരണും രാജമൗലിയും ഒന്നിച്ചുള്ള കട്ടൗട്ടാണ് ശ്രദ്ധേ നേടുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാകും ഒരു സംവിധായകന്റെ കട്ടൗട്ട് തിയേറ്ററിൽ ഉയരുന്നത്. സൂപ്പർ താരങ്ങൾക്കൊപ്പം സംവിധായകനും ഇടം പിടിക്കുന്നതും ആദ്യമാണ്.

1920 കാലഘട്ടം പശ്ചാത്തലമാകുന്ന ചിത്രമാണ് ആർആർആർ. അല്ലുരി സീതാരാമ രാജു, കോമരം ഭീം എന്നീ ശ്രദ്ധേയരായ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊമരം ഭീം എന്ന കഥാപാത്രത്തെയാണ് എൻ.ടി.രാമറാവു ജൂനിയർ അവതരിപ്പിക്കുന്നത്. അല്ലൂരി സീതാരാമ രാജുവായാണ് രാം ചരൺ എത്തുന്നത്. സീത എന്ന കഥാപാത്രമായി ആലിയ ഭട്ടും ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥിവേഷത്തിൽ അജയ് ദേവ്ഗണും ആർആർആറിൽ എത്തുന്നു. സമുദ്രകനി, ശ്രിയ ശരൺ, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ, രാഹുൽ രാമകൃഷ്ണൻ, സ്പന്ദൻ ചതുർവേദി, ഒലിവിയ മോറിസ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, പോർച്ചുഗീസ്, കൊറിയൻ, ടർക്കിഷ്, സ്പാനിഷ് എന്നിങ്ങനെ പത്തു ഭാഷകളിലായാണ് ആർആർആറിന്റെ റിലീസ്. കെ.വി.വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് രാജമൗലി തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യ, ബൾഗേറിയ, യുക്രൈൻ എന്നിങ്ങനെ വിവിധയിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയാക്കിയത്.
എം.എം.കീരവാണിയാണ് ആർആർആറിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്. കെ.കെ.ശെന്തിൽ കുമാർ സിനിമോട്ടോഗ്രാഫിയും ശ്രീകർ പ്രസാദ് എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു. സാബു സിറിലാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ചിത്രത്തിന്റെ വിഷ്വൽ ഇഫക്ട്സ് ഒരുക്കിയത് ശ്രീനിവാസ് മോഹൻ ആണ്. 550 കോടി രൂപയാണ് ചിത്രത്തിന്റെ നിർമ്മാണചെലവ് എന്നാണ് റിപ്പോർട്ടുകൾ.
Also Read: RRR Release: കാത്തിരിപ്പിന് വിരാമം; ആർആർആർ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്