കേരളത്തിന്റെ മലയോര മേഖല എല്ലാവർക്കും പ്രിയപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രമാണ്. പശ്ചിമഘട്ട മലനിരകളോട് ചേർന്ന് കിടക്കുന്ന വനമേഖലയിൽ വന്യ മൃഗങ്ങളും ധാരാളമുണ്ട്. ഇന്ത്യയിലെ പ്രമുഖ വ്യവസായി ഹർഷ് ഗോയങ്കെ വയനാടിൽനിന്നും പങ്കുവച്ച ഒരു വിഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ ചർച്ചയാകുന്നത്.
”ഇന്ന് ഞങ്ങളുടെ തേയില തോട്ടത്തിൽ കുറച്ചു വിരുന്നുകാരുണ്ടായിരുന്നു,” വീഡിയോ പങ്കുവച്ച് ആർപിജി ഗ്രൂപ്പ് ചെയർമാൻ ഹർഷ് ഗോയെങ്ക ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. വയനാട്ടിലെ ഹാരിസൺ മലയാളം എസ്റ്റേറ്റിലാണ് ആനക്കൂട്ടം ഇറങ്ങിയത്. ആനകൾ കൂട്ടത്തോടെ തേയിലത്തോട്ടത്തിലേക്ക് കടന്നു വരുന്നതും ആളുകൾ ശബ്‌ദമുണ്ടാക്കി ആനകളെ ഓടിക്കാൻ ശ്രമിക്കുന്നതുമാണ് വിഡിയോയിൽ.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റ് ചെയ്യുന്നത്. ചിലർ വീഡിയോയെ തമാശ രൂപേണ സ്വീകരിച്ചപ്പോൾ ചിലർ കാട്ടാനകൾ ഇത്തരത്തിൽ ഇറങ്ങുന്നത് ഒഴിവാക്കാനുള്ള ശ്രമങ്ങൾ വേണമെന്ന അഭിപ്രായമാണ് പങ്കുവച്ചത്.
കേരളത്തിലെ വനമേഖലകൾക്ക് സമീപമുള്ള കൃഷിയിടങ്ങളിൽ ഇത്തരത്തിൽ കാട്ടാനകൾ കൂട്ടമായി എത്തുന്നതും കൃഷിയിടങ്ങൾ നശിപ്പിക്കുന്നതും സ്ഥിര സംഭവങ്ങളാണ്. കാട്ടാനയുടെ ആക്രമണങ്ങളിൽ നിരവധിപേർക്ക് ജീവൻവരെ നഷ്ടപ്പെട്ടിട്ടുണ്ട്.