വർഷങ്ങൾക്ക് മുൻപ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ വച്ച് മഞ്ഞുകട്ടയുമായി ഇടിച്ച് തകർന്ന ടൈറ്റാനിക് എന്ന കൂറ്റൻ ആഢംബര കപ്പൽ ആരും മറക്കാനിടയില്ല. ടൈറ്റാനിക് അപകടം നടന്ന് 105 വർഷങ്ങൾക്ക് ശേഷം അതേ അറ്റ്‌ലാന്റിക് സമുദ്രത്തിൽ മറ്റൊരു ആഢംബര കപ്പൽ തലനാരിഴയ്‌ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. 6100 പേരുമായി സഞ്ചരിച്ച ആഢംബര കപ്പലായ റോയൽ കരീബിയൻ ക്രൂസ് കൊടുങ്കാറ്റിലും കൂറ്റൻ തിരമാലയിലും അകപ്പെട്ട വിഡിയോ പുറത്തുവന്നു.

ഫെബ്രുവരി ഏഴിന് ന്യൂജേഴ്‌സിയിൽ നിന്ന് ഫ്ലോറിഡയിലേക്ക് പുറപ്പെട്ട കപ്പൽ കൊടുങ്കാറ്റിൽ പെടുകയായിരുന്നു. ഇതേ തുടർന്ന് കടൽ പ്രക്ഷ്‌ബുധമാവുകയും കൂറ്റൻ തിരമാലകൾ കപ്പലിൽ ആഞ്ഞടിക്കുകയും ചെയ്‌തു. 30 അടി ഉയരത്തിൽ വരെ തിരമാലകൾ കപ്പലിലേക്ക് ആഞ്ഞടിക്കുകയായിരുന്നു. കപ്പലിന്റെ പല ഭാഗങ്ങളും കടൽ ക്ഷോഭത്തെതുടർന്ന് തകർന്നു.
Royal Caribbean Cruise-ship

4500 യാത്രക്കാരും 1600 ജീവനക്കാരുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിലെ ഒരു യാത്രക്കാരൻ പകർത്തിയ വിഡിയോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിനോദസഞ്ചാരിയായ മറ്റൊരു യാത്രക്കാരൻ കടലിന്റെ രൗദ്രഭാവം ആസ്വദിക്കുന്നതും വിഡിയോയിൽ കാണാം.

കൊടുങ്കാറ്റിൽ പെട്ട് കപ്പലിന് വലിയ നാശനഷ്‌ടമുണ്ടായെങ്കിലും ഭാഗ്യവശാൽ നാല് യാത്രക്കാർക്ക് മാത്രമേ പരിക്കു പറ്റിയിട്ടുളളൂ. കപ്പലിന്റെ മേൽത്തട്ടിലും മറ്റ് തുറന്ന ഭാഗങ്ങളിലും തിരമാലകൾ ഇരച്ചുകയറി എല്ലാം തകർത്തു. കപ്പൽ 45 ഡിഗ്രിയോളം ചെരിയുകയും മുറികളിലെ ഷെൽഫുകളും മറ്റും തകർന്നുപോവുകയും ചെയ്‌തു. കാലാവസ്ഥ മോശമായതിനെത്തുടർന്ന് കപ്പൽ യാത്ര മതിയാക്കി ന്യൂജേഴ്‌സിയിലേക്ക് മടങ്ങി.

ഒരാഴ്‌ചത്തെ യാത്രയ്‌ക്കായി പുറപ്പെട്ട കപ്പൽ തിരികെ പോന്നതുകൊണ്ട് യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കി നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത യാത്രയ്‌ക്ക് ഇവർക്ക് ടിക്കറ്റിൽ ഇളവ് നൽകുമെന്നും കപ്പൽ അധികൃതർ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ