ആഢംബരത്തിന്റെ പ്രതീകമാണ് റോൾസ് റോയ്സ് കാറുകൾ. ആഡംബര കാറുകളുടെ രാജാവെന്നാണ് റോൾസ് റോയ്സ് അറിയപ്പെടുന്നത് തന്നെ. കോടികൾ വിലമതിക്കുന്ന റോൾസ് റോയ്സ് സാധാരണക്കാർക്ക് സ്വപ്നം കാണാൻ പോലും കഴിയാത്ത ലക്ഷ്വറിയാണ്. ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കണമെന്നു വെച്ചാലും 80 കിലോമീറ്റർ ഓടാൻ നാലര ലക്ഷം രൂപ വരെ വാടകയായി നൽകേണ്ടി വരും.
അപ്പോഴാണ് കേരളത്തിൽ ഒരു റോൾസ് റോയ്സ് ടാക്സികാറായി ഓടുന്നത്. ആ കാറിന്റെ ഉടമ മറ്റാരുമല്ല, ബിസിനസുകാരനായ ബോബി ചെമ്മണ്ണൂരിന്റേതാണ് ഈ റോൾസ് റോയ്സ്. പതിനാലു കോടി രൂപ വിലയുള്ള, സ്വർണം പൂശിയ ഈ കാറിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. കാറൊന്ന് കാണാനും അകത്തു കയറാനും വീഡിയോ പകർത്താനുമൊക്കെ യൂട്യൂബർമാരുടെ ബഹളമാണ്.
റോൾസ് റോയ്സ് കാറിൽ മൂന്നുദിവസത്തെ യാത്ര, ഒപ്പം മൂന്നാറിലെ ഓക്സിജൻ റിസോർട്ടിൽ താമസവും- ബിസിനസുകാരനായ ബോബി ചെമ്മണ്ണൂർ ഒരുക്കിയ പുതിയ ടൂർ പാക്കേജിന്റെ ഭാഗമായാണ് ഈ റോൾസ് റോയിസ് ടാക്സി കാറായി മാറ്റിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ റോൾസ് റോയ്സിന്റെ ഈ മോഡൽ കാർ അഞ്ചുപേർക്ക് മാത്രമേയുള്ളൂ എന്ന് മുൻപ് ബോബി ചെമ്മണ്ണൂർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
“മൂന്നു ദിവസത്തേക്ക് ഒരു ഇന്നോവ വാടകയ്ക്ക് എടുക്കാൻ തന്നെ ഏതാണ്ട് 25000 രൂപയോളം ചിലവു വരും. റോൾസ് റോയിസ് കണ്ടിട്ടോ കയറിയിട്ടോ ഇല്ലാത്ത വിനോദ സഞ്ചാരികൾക്ക് വേണ്ടിയിട്ടാണ് ഇത്തരമൊരു പദ്ധതി,” ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർക്കുന്നു.
ജനുവരിയിൽ കൊച്ചിയിൽ നിന്നും തേക്കടിയിലേക്ക് ഹെലികോപ്ടർ ടാക്സി സർവ്വീസും ബോബി ചെമ്മണ്ണൂർ ഏർപ്പെടുത്തിയിരുന്നു. റോഡ് മാർഗ്ഗം നാലര മണിക്കൂറിലേറെ എടുക്കുന്ന യാത്ര 45 മിനിറ്റ് കൊണ്ട് സാധ്യമാക്കുന്ന ഹെലിടാക്സി സർവീസായിരുന്നു ഇത്.
Read more: കുടജാദ്രി യാത്ര: തനിച്ചുള്ള യാത്രകളൊന്നും യഥാര്‍ത്ഥത്തില്‍ തനിച്ചല്ല