ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട താരമാണ് 23 കാരനായ റിഷഭ് പന്ത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വിക്കറ്റിനു പിന്നിലും ബാറ്റ് ചെയ്യുമ്പോഴും മറ്റുള്ളവരെ ചിരിപ്പിക്കുന്നത് പതിവാണ്.

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിന്റെ നാലാം ദിനം വിക്കറ്റിനു പിന്നിൽ നിന്ന് പന്ത് പാട്ട് പാടിയത് ടീം അംഗങ്ങളെ മാത്രമല്ല ക്രിക്കറ്റ് പ്രേമികളെ മുഴുവൻ ചിരിപ്പിക്കുകയാണ്. സോഷ്യൽ മീഡിയയിലും ഇത് ശ്രദ്ധിക്കപ്പെട്ടു. കൊച്ചുകുട്ടികൾക്കടക്കം ഏറെ സുപരിചിതമായ ‘സ്‌പൈഡര്‍മാന്‍, സ്‌പൈഡര്‍മാന്‍’ എന്ന ഈരടികളാണ് വിക്കറ്റിനു പിന്നിൽ നിന്ന് ബോറടിച്ചപ്പോൾ പന്ത് പാടിയത്.

സ്റ്റംപ് മൈക്കിൽ പന്ത് പാട്ടുപാടുന്നത് റെക്കോർഡ് ചെയ്യപ്പെട്ടു. ഈ വീഡിയോ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ നിറയെ പന്തിനെ ട്രോളിയുള്ള പോസ്റ്റുകളാണ്. അവസാന ടെസ്റ്റ് ക്ലൈമാക്‌സിലേക്ക് നീങ്ങുന്നതിന്റെ ടെൻഷനിലാണ് ഇരു ടീമുകളും. ഈ ടെസ്റ്റിൽ വിജയിക്കുന്നവർ പരമ്പര സ്വന്തമാക്കും. ഇത്രയും ടെൻഷനടിച്ച് ഇരു ടീമുകളും നിൽക്കുമ്പോഴാണ് സീൻ മൊത്തം കൂളാക്കി പന്തിന്റെ പാട്ടെത്തുന്നത്.

പന്ത് വിക്കറ്റിനു പിന്നിൽ ലൗഡ്‌സ്‌പീക്കറാണെന്നാണ് പലരുടെയും ട്രോൾ. പന്തിന് സംസാരിക്കാതെ നിൽക്കാൻ പറ്റില്ലേ എന്ന് വേറൊരു കൂട്ടർ.

ഇന്നത്തെ കളിക്കിടെ ഒരു വിക്കറ്റിനായി ശഠിക്കുന്ന പന്തിന്റെ വീഡിയോയും വൈറലായിരുന്നു. ഓസീസ് നായകൻ ടിം പെയ്‌നിന്റെ വിക്കറ്റിനായാണ് പന്ത് വാദിച്ചത്. നടരാജൻ എറിഞ്ഞ പന്ത് പെയ്‌ൻ ലീവ് ചെയ്യുകയായിരുന്നു. എന്നാൽ, ബോൾ ബാറ്റിൽ കൊണ്ടതായി വിക്കറ്റ് കീപ്പർ പന്തിനൊരു സംശയം. പന്ത് വിക്കറ്റിനായി അപ്പീൽ ചെയ്തു. അംപയർക്ക് കുലുക്കമില്ല.

റിവ്യു നൽകാനായി പന്ത് വാദിച്ചു. എന്നാൽ, സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഇന്ത്യൻ നായകൻ അജിങ്ക്യ രഹാനെയ്ക്ക് ഇക്കാര്യത്തിൽ ഉറപ്പില്ലായിരുന്നു. അപ്പീൽ നൽകാൻ രഹാനെ തയ്യാറായില്ല. ഇത് പന്തിനെ ചൊടിപ്പിച്ചു. വിക്കറ്റാണെന്ന ഉറപ്പിൽ പന്ത് നിന്നു. രഹാനെ തന്റെ ആവശ്യം നിരസിച്ചതോടെ ദേഷ്യത്തിൽ ബോൾ വലിച്ചെറിയാൻ ശ്രമിക്കുന്ന പന്തിനെ വീഡിയോയിൽ കാണാം. അതിനു പിന്നാലെ സ്ലിപ്പിൽ നിൽക്കുന്ന വൈസ് ക്യാപ്റ്റൻ രോഹിത് ശർമയോടും ആത്മവിശ്വാസത്തോടെ പന്ത് ക്യാച്ചാണെന്ന് വാദിക്കുന്നത് കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook