കാടിലൂടെയുള്ള യാത്ര പലപ്പോഴും വിനോദസഞ്ചാരികളെ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതിലേക്ക് നയിക്കാറുണ്ട്. അടുത്തിടെ പശ്ചിമ ബംഗാളിലെ ജല്‍ദാപാറ ദേശീയ ഉദ്യാനത്തിലും അത്തരമൊരു സംഭവമുണ്ടായി. വിനോദസഞ്ചാരികളെത്തിയ എസ് യു വി ഒരു കാണ്ടാമൃഗം ഇടിച്ച് തെറിപ്പിച്ചു.
രണ്ട് എസ് യു വികളിലായി എത്തിയ വിനോദസഞ്ചാരികള്‍ കാണ്ടാമൃഗങ്ങളുടെ ചിത്രമെടുക്കുന്നതിനിടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ഒരു കണ്ടാമൃഗം എസ് യു വിയുടെ അടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഡ്രൈവര്‍ വാഹനം പിന്നോട്ട് എടുത്തെങ്കിലും കാണ്ടാമൃഗത്തിന്റെ ഇടിയില്‍ വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മലക്കം മറിയുകയായിരുന്നു.
വാഹനത്തിലുണ്ടായിരുന്നു ഒരു സ്ത്രീയുടെ കൈകള്‍ക്ക് ഒടിവ് സംഭവിച്ചതായി ദി ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനം മറിഞ്ഞ ശേഷവും കണ്ടാമൃഗം തങ്ങളെ ആക്രമിക്കാതിരുന്നത് ഭാഗ്യവശാലാണെന്ന് ഗയിഡായ മിഥുന്‍ ബിസ്വാസ് ദി ടെലിഗ്രാഫിനോട് പറഞ്ഞു.
ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫിസറായ ആകാശ് ദീപ് ബധാവനാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇത്തരം യാത്രകളില്‍ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ തയാറാക്കേണ്ട സമയമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.