സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ ഇത്തവണ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് രേവതിയാണ്. ഇതാദ്യമായാണ്, മികച്ച നടിയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം രേവതിയെ തേടിയെത്തുന്നത്.
മൂന്നു ദേശീയ പുരസ്കാരങ്ങൾ, പത്തോളം ഫിലിം ഫെയർ അവാർഡുകൾ, തമിഴ് നാട് സർക്കാരിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ രേവതിയെ തേടിയെത്തിയിരുന്നു.
മലയാള ചലച്ചിത്ര രംഗത്ത് 40 വർഷത്തോളമായി തുടരുന്ന രേവതിക്ക് ‘ഭൂതകാലം’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇത്തവണ ആദ്യമായി സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാനായത്, പുരസ്കാര നേട്ടത്തിൽ സന്തോഷമുള്ളതായി രേവതി പറഞ്ഞു.
ഇതിനിടെ, പുരസ്കാരം ആർക്ക് സമർപ്പിക്കുന്നുവെന്ന ചോദ്യത്തിന് രേവതി പറഞ്ഞ മറുപടി സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഈ മറുപടിയെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. നല്ല തഗ് മറുപടിയാണ് രേവതി നൽകിയിരിക്കുന്നതെന്നും നെറ്റിസൺമാർ പറയുന്നു.
ആർക്കാണ് ഈ അവാർഡ് സമർപ്പിക്കുന്നത് എന്ന ചോദ്യത്തിന് ‘എനിക്ക് തന്നെ’ എന്നായിരുന്നു രേവതിയുടെ മറുപടി. ‘എനിക്ക്, എന്റെ പെർഫോമൻസിന്. എനിക്കല്ലേ അവാർഡ് കിട്ടിയത്. സമർപ്പിക്കുന്നതും എനിക്ക് തന്നെ,’ രേവതി പറഞ്ഞു.
രേവതി സംസാരിക്കുന്ന വീഡിയോയുടെ കമന്റ് ബോക്സിൽ നിരവധി പേരാണ് രേവതിയുടെ മറുപടിയെ അഭിനന്ദിച്ചത്. സൂപ്പർ മറുപടി എന്ന് പലരും കമന്റ് ചെയ്തിരിക്കുന്നത്. ‘അവർക്ക് ലഭിച്ച അവാർഡ് അവർക്കല്ലാതെ ആർക്ക് സമർപ്പിക്കാൻ,’ എന്നും “അതിന് അർഹത അവർക്ക് തന്നെ,”എന്നുമാണ് മറ്റൊരു കമന്റ്.
‘ഡെഡിക്കേഷൻ കമന്റ് പൊളിച്ചു,’ എന്നാണ് ഈ വീഡിയോ കണ്ട മറ്റൊരാൾ കുറിച്ചത്.
’40 വർഷമായി സിനിമയിൽ ഉണ്ടായിട്ടും ഈ അവാർഡ് കിട്ടുമ്പോൾ ഒരുപാട് സന്തോഷം,” എന്ന് അവാർഡ് ലഭിച്ചതിലുള്ള സന്തോഷം പങ്കു വച്ചു കൊണ്ട് രേവതി പറഞ്ഞിരുന്നു. ‘നല്ലൊരു ടീം വർക്ക് ഉണ്ടായിരുന്നു ‘ഭൂതകാലത്തിൽ’. രാഹുലും ഷെയ്നും മുതൽ പ്രൊഡക്ഷൻ ടീമിലെ അൻവർ റഷീദും വരെ… ഞാനെന്നും ഒരു അനുസരണയുള്ള നടിയാണ്. അതേ സമയം, എന്റെ ചില അഭിപ്രായങ്ങൾ പറയുമ്പോൾ നല്ലതാണെന്ന് തോന്നുമ്പോൾ രാഹുൽ ഏറ്റെടുത്തിട്ടുമുണ്ട്. ആ ടീം വർക്കിന് കിട്ടിയ അവാർഡ് ആണിത്. ജൂറി അംഗങ്ങൾക്ക് നന്ദി,’ എന്നും അവർ പുരസ്കാര പ്രഖ്യാപനത്തിന് പിറകെ പറഞ്ഞിരുന്നു.
Reas Here: അനുസരണയുള്ള നടിയാണ്, 40 വർഷമായി സിനിമയിൽ; അവാർഡിൽ സന്തോഷമെന്ന് രേവതി