കൊച്ചി: കോവിഡ്-19നെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഊണും ഉറക്കവുമൊഴിഞ്ഞ് സജീവമാണ് പല ഉദ്യോഗസ്ഥരും. കൊറോണയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക്ഡൗണിൽ പല പ്രദേശങ്ങളും ഒറ്റപ്പെട്ട് പോയിട്ടുണ്ട്. ഇവിടെങ്ങളിൽ അവശ്യസാധനങ്ങൾ എത്തിക്കുന്നതിന് മുന്നിൽ നിൽക്കുന്ന എറണാകുളം കലക്ടർ എസ് സുഹാസിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരക്കഥകൃത്തും സംവിധായകനും അഭിനേതാവുമായ രഞ്ജി പണിക്കർ.

എറണാകുളം ജില്ലയിലെ കൊച്ചി താന്തോന്നിത്തുരുത്തിലെ താമസക്കാർക്ക് അവശ്യസാധനങ്ങൾ എത്തിച്ച് നൽകാൻ കലക്ടർ നേരിട്ടാണെത്തിയത്. ഇതിനായി വഞ്ചിയിൽ യാത്ര ചെയ്യുന്ന ചിത്രവും കലക്ടർ ഫെയ്സ്ബുക്കിൽ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനൊപ്പം തന്റെ തന്നെ ചിത്രത്തിലെ ഡയലോഗും ചേർത്താണ് രഞ്ജി പണിക്കാർ തന്റെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദി കിങ് എന്ന ചിത്രത്തിലെ പ്രശസ്തമായ ഡയലോഗിന്റെ ഭാഗമാണ് രഞ്ജി പണിക്കർ ഉപയോഗിച്ചിരിക്കുന്നത്. ആ ചിത്രത്തിലെ നായകനായ നടൻ മമ്മൂട്ടിയും തിരക്കഥകൃത്തിന്റെ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

“രാജ്യം യുദ്ധം ചെയ്യാൻ ഇറങ്ങുമ്പോൾ മുന്നണിപ്പോരാളിയാണ് എറണാകുളത്തിന്റെ കലക്ടർ ശ്രീ സുഹാസ് ഐ. എ.എസ്. ഓററപ്പെട്ട തുരുത്തിലേയ്ക്ക് അവശ്യ സാധനങ്ങൾ വിതരണം ചെയ്യാൻ കലക്ടറുടെ തോണി യാത്ര. .ഒറ്റയ്ക്ക്. ഇതാവണമെടാ കലക്ടർ..സെൻസ് ..സെൻസിബിലിറ്റി..സെൻസിറ്റിവിറ്റി..സുഹാസ്..” രഞ്ജി പണിക്കർ ഫെയ്സ്ബുക്കിൽ കുറിച്ചു.

ദി കിങ് എന്ന ചിത്രത്തിൽ കലക്ടറുടെ വേഷത്തിലാണ് മമ്മൂട്ടിയും എത്തുന്നത്. തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് എന്ന ജില്ല കലക്ടറുടെ പഞ്ച് ഡയലോഗാണ് എറണാകുളം കലക്ടറെ പ്രശംസിക്കാൻ രഞ്ജി പണിക്കർ ഉപയോഗിച്ചിരിക്കുന്നത്.

കലക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ- “ഇന്നു രാവിലെ താന്തോണിത്തുരുത്തിൽ! കൊച്ചി നഗരത്തിൽ നിന്നും വിളിപ്പാടകലെ, എന്നാൽ ഒറ്റപ്പെട്ട് ഒരു തുരുത്ത്. വഞ്ചിയിലല്ലാതെ താന്തോണിത്തുരുത്തിൽ എത്താൻ മാർഗമില്ല. പാവപ്പെട്ട 65 കുടുംബങ്ങളാണ് ഈ തുരുത്തിലുള്ളത്. സ്ഥിര വരുമാനക്കാരല്ലാത്ത ഈ കുടുംബങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയാനും ജില്ലാ ഭരണകൂടത്തിന്‍റെ ചെറിയൊരു പിന്തുണ നൽകാനുമാണ് ഇന്നു രാവിലെ തുരുത്തിലെത്തിയത്. ഈ ലോക് ഡൗൺ കാലത്ത് അവർക്ക് ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള കിറ്റുകൾ വിതരണം ചെയ്തു. അരിയും പലവ്യഞ്ജനവും അടക്കം 17 ആവശ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ. പ്രയാസകരമാണ് ഈ ലോക് ഡൗൺ ദിവസങ്ങൾ. പക്ഷെ സുരക്ഷിതമായൊരു ഭാവിക്കായി ഈ ദിവസങ്ങൾ നമ്മൾ താണ്ടിയേ മതിയാകൂ. നിയന്ത്രണങ്ങൾ പാലിച്ച്..”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook