കൊച്ചി: വളളംകളിയും വെളളച്ചാട്ടവുമാണ് കേരളത്തിന്റെ ഭൂപ്രകൃതിയുടെ കുറച്ചോർക്കുമ്പോൾ മനസിൽ ഓടിയെത്തുന്ന ചിത്രം. ഒന്നുകൂടി കടന്നാൽ കഥകളിയോ, കളരിപ്പയറ്റോ കൂടി ഓർമ്മയിൽ തികട്ടിയെത്തും. എന്നാൽ കാണാനും കേൾക്കാനും അങ്ങിനെ പഞ്ചേന്ദ്രിയങ്ങൾ കൊണ്ടും ആസ്വദിക്കാനുളളതാണ് ഈ നാട്.

കേരള ടൂറിസം ലോകത്താകമാനമുളള വിനോദസഞ്ചാരികൾക്കായി പങ്കുവച്ച ഏറ്റവും പുതിയ പ്രചാരണ വീഡിയോ അത്തരത്തിലൊന്നാണ്. വെറുമൊരു വീഡിയോ എന്നല്ല, തകർപ്പനൊരു സംഗീത ആൽബമാണത്. പക്ഷെ ഉളളടക്കം, അത് കണ്ട് മാത്രം അറിയാനുളളതല്ല കേരളം കേട്ടറിയാനും കൂടിയുളളതാണെന്ന് ഓരോ പേരോടും പറയുന്നു.

പ്രളയത്തിൽ തകർന്ന കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്ക് പുതുജീവൻ നൽകാൻ കേരളപ്പിറവി ദിനത്തിലാണ് ടൂറിസം വകുപ്പ് ഈ സംഗീത ആൽബം പുറത്തിറക്കിയത്. പരമ്പരാഗത വാദ്യോപകരണങ്ങളും നാടൻപാട്ടും പശ്ചാത്തലമാക്കി തികച്ചും വ്യത്യസ്തമായ രീതിയിലാണ് സംഗീത ആൽബം തയ്യാറാക്കിയിരിക്കുന്നത്.

നിഖിൽ കുറ്റിച്ചൽ ആണ് സംഗീത ആൽബം സംവിധാനം ചെയ്തത്. എന്നാൽ ആൽബത്തിന്റെ ആശയം അലൻ ടോമിന്റേതാണ്. അലന്റെ സഹോദരൻ ലിയോ ടോമാണ് സംഗീതം നിർവ്വഹിച്ചിരിക്കുന്നത്.  രശ്മി സതീഷാണ് ഗായിക. നടിയും മോഡലുമായ കേതകി നാരായണനാണ് ശബ്ദത്തെ പിന്തുടരുന്ന പെൺകുട്ടി.

“കേരളത്തിന്റെ ശബ്ദങ്ങൾ എന്നൊരു കാഴ്ചപ്പാടിലാണ് ആൽബം തയ്യാറാക്കിയിരിക്കുന്നത്,” ഗായിക രശ്മി സതീഷ് ഇന്ത്യൻ എക്‌സ്‌പ്ര‌സ് മലയാളത്തോട് പറഞ്ഞു. “സാധാരണ നമ്മൾ കാണാറുളളത് വളളംകളിയും വെളളച്ചാട്ടവുമൊക്കെയാണല്ലോ. അതിൽ നിന്ന് ഏറെ വ്യത്യസ്തമായൊരു രീതിയിലാണ് ആൽബം തയ്യാറാക്കിയത്. അതിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട്,” രശ്മി പറഞ്ഞു.

രശ്മി സതീഷ്

ഒരു മലമുകളിൽ ആകാശം നോക്കി കിടക്കുന്ന യുവതി, അവരെ തേടിയെത്തുന്ന ഈണത്തെ പിന്തുടരുന്നതാണ് ആശയം. ഇതിനിടയിൽ കേരളത്തിന്റെ ഭൂപ്രകൃതിയും പരമ്പരാഗത വാദ്യോപകരണങ്ങളുടെ ശബ്ദവും ഇവർ ആസ്വദിക്കുന്നുണ്ട്. ഇടുക്കിയിലെ ചെറുതോണി അണക്കെട്ടിന് സമീപത്ത് വച്ചായിരുന്നു ചിത്രീകരണം.

 

കേരള വിനോദസഞ്ചാരത്തിന്റെ ബ്രാന്റിങിന്റെ ഭാഗമായി വീഡിയോ തയ്യാറാക്കാനുളള കരാറെടുത്തത് ആർട്ടിസ്ട്രി മീഡിയലാപ്‌സ് എന്ന കമ്പനിയാണ്. ഈ കമ്പനിയുടെ ഭാഗമായിരുന്നു നിഖിലും അലനും ലിയോയുമെല്ലാം. ജിഷ്ണു വെടിയൂരാണ് മീഡിയാലാപ്‌‌സിന്റെ ഉടമ.

“ആഗോളതലത്തിൽ തന്നെ ബ്രാന്റിങിന്റെ കൺസപ്റ്റ് മാറുകയാണ്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെയും അനുഭവിക്കാൻ സാധിക്കുന്ന വിധമാകും വരും കാലങ്ങളിൽ പരസ്യ ചിത്രീകരണം മാറുക. അതിനാലാണ് ഇത്തരമൊരു ആശയം സ്വീകരിച്ചത്. കേരളത്തിന്റെ ഭൂപ്രകൃതി കാണിക്കുകയും തനത് വാദ്യോപരണങ്ങളുടെ ശബ്ദം ആസ്വദിപ്പിക്കാനുമാണ് വീഡിയോയിലൂടെ ലക്ഷ്യമിട്ടത്,” അലൻ ടോം ഇന്ത്യൻ എക്‌സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“ടൂറിസം വകുപ്പിന് വേണ്ടി വീഡിയോ തയ്യാറാക്കുമ്പോൾ അത് എപ്പോഴുമെപ്പോഴും ഉപയോഗിക്കാൻ സാധിക്കുന്നതാവണം എന്നായിരുന്നു ചിന്ത. അതാണ് ശബ്ദസീരീസ് എന്നൊരു ആശയത്തിലേക്ക് വന്നത്,” അലൻ പറഞ്ഞു.

ഏപ്രിൽ-മെയ് മാസങ്ങളിലായിരുന്നു ഈ മ്യൂസിക് ആൽബം ചിത്രീകരിച്ചത്. എന്നാൽ അതിന് ശേഷം പ്രളയം ടൂറിസം രംഗത്തെ വലിയ തോതിൽ തകർത്തു. നവകേരള നിർമ്മാണത്തിൽ ടൂറിസം രംഗത്തെ പരിപോഷിപ്പിക്കാനാണ് ശ്രമം. ഇതിനായാണ് കേരളപ്പിറവി ദിനത്തിൽ വീഡിയോ ടൂറിസം വകുപ്പ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്.

കേരള ടൂറിസം രാജ്യാന്തര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടും വിധം മികച്ച ബ്രാന്റായി മാറിയിട്ടുണ്ട്. പ്രളയത്തെ തുടർന്ന് കേരളത്തിലേക്കുളള വിനോദസഞ്ചാരികളുടെ ഒഴുക്കിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ഭൂപ്രകൃതി ചരിത്രത്തിലെ ഏറ്റവും വലിയ വെളളപ്പൊക്കത്തിൽ തകരാതെ തളരാതെ ഇപ്പോഴും ഉണ്ടെന്ന വിവരം ലോകത്തെ അറിയിക്കാൻ സംഗീത ആൽബം സഹായിക്കുമെന്നാണ് കരുതുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ