ഓസ്ട്രേലിയക്കെതിരായ 2-1 ന്റെ പരമ്പര വിജയത്തോടെ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്താന്‍ ഇന്ത്യക്കായി.
ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഓള്‍ റൗണ്ടര്‍ സ്പിന്നര്‍മാരായ രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനുമായിരുന്നു. പരമ്പരയിലെ താരത്തിനുള്ള പുരസ്കാരം ഇരുവര്‍ക്കും നല്‍കുകയും ചെയ്തു. പുരസ്കാര നേട്ടം ഒരു തമാശ വീഡിയോയിലൂടെയാണ് ഇരുവരും ആഘോഷിച്ചത്. അക്ഷയ് കുമാര്‍ ചിത്രത്തിലെ സീന്‍ പുനരാവിഷ്കരിച്ച് അശ്വിനാണ് ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദീവാനെ ഹുയെ പാഗല്‍ എന്ന ചിത്രത്തിലെ സീനാണ് ജഡേജയും അശ്വിനും കൂടി ചെയ്തിരിക്കുന്നത്. ആന്‍ഡ് ദി ഓസ്കാര്‍ ഗോസ് ടൂ..എന്നാണ് അശ്വിന്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീഡിയോ ഇതിനോടകം തന്നെ വൈറലാവുകയും ചെയ്തു.
ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ് തുടങ്ങിയ താരങ്ങള്‍ വീഡിയോയ്ക്ക് റിയാക്ഷന്‍ നല്‍കിയിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്ത്രിയുടെ കമന്റും ശ്രദ്ധേയമാണ്. മാരക കോംബൊ എന്നാണ് രവി ശാസ്ത്രി കുറിച്ചിരിക്കുന്നത്.
പരമ്പരയില്‍ അശ്വിന്‍ 25 വിക്കറ്റും 86 റണ്‍സും നേടി. മറുവശത്ത് ജഡേജ 22 വിക്കറ്റുകളും 135 റണ്‍സുമാണ് സ്വന്തമാക്കിയത്.