രത്തന്‍ ടാറ്റയുടെ ഓഫീസില്‍ ഏതു സമയവും പ്രവേശിക്കാനും സമയം ചെലവഴിക്കാനും കഴിയുകയെന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ ഗോവയ്ക്ക് അതിനു കഴിയും. ഓഫിസ് പരിസരത്തും ഉള്ളിലുമായി ഗോവ എപ്പോഴുമുണ്ടാകും.
ആരാണീ ഗോവ? രത്തന്‍ ടാറ്റയെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ഏതൊരാള്‍ക്കും തെരുവുനായ്ക്കളോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹവും ‘ഓഫീസ് പങ്കാളി’യായ ഗോവയെക്കുറിച്ചും അറിയാം. ടാറ്റ ഗ്രൂപ്പിന്റെ ആഗോള ആസ്ഥാനമായ ബോംബെ ഹൗസില്‍ സ്ഥാപിച്ചിട്ടുള്ള കൂട്ടില്‍ പുനരധിവസിപ്പിച്ച തെരുവ് നായ്ക്കള്‍ക്കിടയില്‍നിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ എമിരിറ്റസിന്റെ ക്യാബിനിലേക്കു പ്രവേശം ലഭിച്ച ഒരേയൊരു നായ്ക്കുട്ടിയാണ് ഗോവ.
ടാറ്റയെക്കുറിച്ചും അദ്ദേഹത്തിനൊപ്പം കൂടിക്കാഴ്ചകളില്‍ പോലും പങ്കെടുക്കുന്ന ഗോവയുക്കുറിച്ചുമുള്ള ഹ്യൂമന്‍സ് ഓഫ് ബോംബെ സ്ഥാപക കരിഷ്മ മേത്ത പങ്കുവെച്ച മധുരമായൊരു കുറിപ്പ് വൈറലാവുകയാണ്. 2020-ല്‍ ടാറ്റയുമായി അഭിമുഖം നടത്തിയ കരിഷ്മ, ലിങ്ക്ഡ്ഇന്‍ പോസ്റ്റിലാണ് അന്നത്തെ കൂടിക്കാഴ്ച ആശ്ചര്യത്തോടെ ഓര്‍ത്തെടുക്കുന്നത്.
‘പട്ടി തന്റെ അടുത്തുള്ള കസേരയില്‍ സുഖമായി ഇരിക്കുന്നത്’ കണ്ട് താന്‍ ഉത്കണ്ഠാകുലയായെന്ന് കരിഷ്മ കുറിപ്പില്‍ പറയുന്നു. ”ഇതായിരുന്നു തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി. തനിക്ക് നായ്ക്കളെ ഭയമാണ്. ഞാന്‍ വര്‍ഷങ്ങളായി അഭിമുഖത്തിനായി കാത്തിരിക്കുന്ന ഒരാള്‍ അവിടെ ഇരുന്നു … ഒരു നായയുടെ അരികില്‍,” കരിഷ്മ കുറിച്ചു.
Also Read: ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരം; എന്‍ജിനീയറിങ് വിസ്മയമായി ചെനാബ് കമാന പാലം, ചിത്രങ്ങള്‍
തന്റെ ഭയത്തെക്കുറിച്ച് ടാറ്റയുടെ എക്സിക്യുട്ടീവ് അസിസ്റ്റന്റിനോട് പറയാന്‍ ശ്രമിച്ചപ്പോള്‍, ഇക്കാര്യം ടാറ്റ കേട്ടതും തന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതും കരിഷ്മ ഓര്‍ക്കുന്നു.”ഗോവ, അവള്‍ക്കു നിന്നെ പേടിയാണ്, ദയവായി ഒരു നല്ല കുട്ടിയായി ഇരിക്കൂ!”എന്ന്് മനുഷ്യരോട് സംസാരിക്കുന്നതുപോലെ, നാലുകാലുള്ള തന്റെ ഓഫീസ് സുഹൃത്തിനോട് ടാറ്റ പറഞ്ഞതായി കരിഷ്മ എഴുതി.
തന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നായ അത് അനുസരിച്ചതായും താനവിടെയുണ്ടായിരുന്ന 30-40 മിനുറ്റ് ഗോവ അടുത്തെങ്ങും വന്നില്ലെന്നും കരിഷ്മ കുറിച്ചു.”ഞാന്‍ ഞെട്ടിപ്പോയി. ഇത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല!”. ഗോവ അലഞ്ഞുനടക്കുന്ന പട്ടിയായിരുന്നുവെന്നും ഞങ്ങള്‍ അവനെ ദത്തെടുക്കുകയായിരുന്നുവെന്നും ടാറ്റ തന്നോട് പറഞ്ഞതായി കരിഷ്മ ഓര്‍ക്കുന്നു.
ഗോവയെക്കുറിച്ചുള്ള മധുരമായ കുറിപ്പിനൊപ്പം, ടാറ്റയുടെ വിനയവും ആകര്‍ഷകത്വവും തന്നെ എത്രമാത്രം ആഴത്തില്‍ സ്പര്‍ശിച്ചുവെന്നും കരിഷ്മ അനുസ്മരിച്ചു. ”രത്തന്‍ സര്‍, നിങ്ങളെ കണ്ടുമുട്ടാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമാണ്. ‘ആല്‍ഫ പുരുഷന്‍’ എന്ന് ഞാന്‍ കരുതിയതിനെ പുനര്‍നിര്‍വചിച്ചതിനു നിങ്ങള്‍ക്ക് ഏറ്റവും നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,”കരിഷ്മ കുറിച്ചു.
Also Read: ‘ഇതാണ് എന്റെ മുത്തുമോൻ’, മദ്യലഹരിയിൽ പെരുമ്പാമ്പുമായി യുവാവിന്റെ സ്‌കൂട്ടർ യാത്ര; വീഡിയോ
കരിഷ്മയുടെ പോസ്റ്റില്‍ സന്തോഷം പ്രകടിപ്പിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഒരുപാട് പേര്‍ ടാറ്റയെ കണ്ടുമുട്ടിയ അനുഭവം പങ്കുവച്ചു.
ടാറ്റയുമായി കരിഷ്മ നടത്തിയ അഭിമുഖം 2020 ഫെബ്രുവരിയിലും മാര്‍ച്ചിലുമായി പോസ്റ്റുകളുടെ പരമ്പരയിലൂടെയാണ് ഹ്യൂമന്‍സ് ഓഫ് ബോംബെ പ്രസിദ്ധീകരിച്ചത്. 2020 നവംബറില്‍ ബോംബെ ഹൗസില്‍ നായ്ക്കള്‍ക്കൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രം ടാറ്റ പങ്കുവെച്ചപ്പോഴാണ് ഗോവ ആദ്യമായി വൈറലായത്. നായയ്ക്ക് ഈ പേര് എങ്ങനെ ലഭിച്ചുവെന്നത് അദ്ദേഹം പങ്കുവച്ചിരുന്നു.