തെലുങ്ക് ആക്ഷന്‍-ഡ്രാമ ചിത്രമായ ‘പുഷ്പ: ദി റൈസി’ലെ ‘സാമി സാമി’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ സൃഷ്ടിച്ച തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. രശ്മിക മന്ദാനയുടെ ഈ അസാധ്യ ചുവടുകള്‍ ഭാഷയും ദേശവും കടന്ന് ആരാധകരെ സൃഷ്ടിച്ചിരുന്നു.
സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേരുടെ ‘സാമി സാമി’ ചുവട് സമൂഹമാധ്യമങ്ങളിലൂടെ നാം പലതവണ കണ്ടുകഴിഞ്ഞു. ഇതില്‍നിന്നൊക്കെ വ്യത്യസ്തമായൊരു ‘സാമി സാമി’ നൃത്ത വീഡിയോ പങ്കുവച്ചുവച്ചിരിക്കുകയാണു രശ്മിക.
നേപ്പാളില്‍നിന്നുള്ളതാണ് ഈ വീഡിയോ. ചുവടുവയ്ക്കുന്നതോ ഒരു കൊച്ചുപെണ്‍കുട്ടിയും. കുട്ടിയെ കാണണമെന്ന ആഗ്രഹത്തോടെയാണു രശ്മിക ട്വിറ്ററില്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”മാഡീ മൈ ഡേ’…ഈ സുന്ദരിക്കുട്ടിയെ എനിക്കു കാണണം…എങ്ങനെ കഴിയും?”എന്നു രശ്മിക ട്വീറ്റില്‍ ചോദിച്ചു.
രശ്മികയെ ടാഗ് ചെയ്തുകൊണ്ട് തേജ ഉപയോക്താവാണു ട്വിറ്റില്‍ വീഡിയോ പങ്കുവച്ചത്. സ്‌കൂള്‍ യൂണിഫോം ധരിച്ച പെണ്‍കുട്ടി സുഹൃത്തുക്കളോടൊപ്പം വളരെ കൃത്യതയോടെ ചുവടുവയ്ക്കുന്നതു കാണാം. പാട്ടിന്റെ വരികള്‍ക്കൊപ്പം ചുണ്ടുചലിപ്പിച്ചുകൊണ്ടാണു കുട്ടി നൃത്തം ചെയ്യുന്നത്.
ട്വിറ്ററില്‍ ഇന്നു ഷെയര്‍ ചെയ്ത ക്ലിപ്പ് ഏഴു ലക്ഷത്തോളം വ്യൂസ് നേടി. രശ്മികയ്‌ക്കൊപ്പം നേപ്പാള്‍ ടൂറിസം ബോര്‍ഡും വീഡിയോ റീട്വീറ്റ് ചെയ്തു. ഹെതൗഡ സ്വദേശിയാണു പെണ്‍കുട്ടിയെന്നു നേപ്പാള്‍ ടൂറിസം ബോര്‍ഡില്‍ പറയുന്നു.
”ഈ സുന്ദരിക്കുട്ടി നേപ്പാളിലെ ഹെതൗഡ സ്വദേശിയാണ്. ഞങ്ങളുടെ മനോഹരമായ രാജ്യത്തേക്കു നിങ്ങളെ സ്വാഗതം ചെയ്യാന്‍ അവള്‍ക്കൊപ്പം നേപ്പാള്‍ ഒന്നാകെ കാത്തിരിക്കുന്നു,” ബോര്‍ഡ് ട്വീറ്റ് ചെയ്തു.
രശ്മിക മന്ദാനയ്‌ക്കൊപ്പം നായകന്‍ അല്ലു അര്‍ജുനും ചുവടുവച്ച പുഷ്പയിലെ സാമി സാമി പാട്ട് ഇന്ത്യയില്‍ വിവിധ ഭാഷകളിലായി ലക്ഷങ്ങളെയാണ് ആകര്‍ഷിച്ചത്. തെലുങ്കില്‍ മൗനിക യാദവാണ് ഈ ഗാനത്തിനു ശേഖര്‍ മാസ്റ്ററാണു ചുവടകുകളൊരുക്കിയത്. അനന്യ പാണ്ഡെ, ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ പെണ്‍മക്കള്‍, ടാന്‍സാനിയന്‍ സോഷ്യല്‍ മീഡിയ താരം കിലി പോള്‍ തുടങ്ങിയ നിരവധി സെലിബ്രിറ്റികള്‍ ഗാനത്തിനു ചുവടുവച്ചിരുന്നു.