ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ‘പത്മാവതി’യുടെ പ്രഖ്യാപനം മുതലിങ്ങോട്ട് നിരവധി വിവാദങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് തള്ളിയതോടെ വിവാദം കെട്ടടങ്ങുമെന്ന് കരുതിയിരുന്നു. എന്നാല്‍ ചിത്രത്തില്‍ അലാവുദ്ദീന്‍ ഖില്‍ജിയെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗിന്റെ ട്വീറ്റാണ് പുതിയ കോലാഹലങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ കഥാപാത്രത്തില്‍ നിന്നും മുക്തനാകാന്‍ രണ്‍വീറിന് വൈദ്യസഹായം തേടേണ്ടി വന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനിടെയാണ് ‘Losing My Religion’ (എന്റെ മതം നഷ്ടമാകുന്നു) എന്ന അടിക്കുറിപ്പോടെ താരം ഒരു ചിത്രം ട്വീറ്റ് ചെയ്തത്.

അമേരിക്കയിലെ പ്രശസ്തമായ ആര്‍ഇഎം ബാന്റിന്റെ ‘ഔട്ട് ഓഫ് ടൈം’ എന്ന ആല്‍ബത്തിലെ ‘Losing My Religion’ എന്ന ഗാനത്തിന്റെ വരികളാണ് താരം പോസ്റ്റ് ചെയ്തതെന്നാണ് ആരാധകര്‍ വിശ്വസിച്ചത്. എന്നാല്‍ ഇതിനെ മറ്റു രീതയില്‍ വ്യാഖ്യമാനിക്കാനാണ് മറ്റു ചിലര്‍ ഇഷ്ടപ്പെട്ടത്.

മനസില്‍ അങ്ങനെ തോന്നലുണ്ടെങ്കില്‍ അത് ട്വീറ്റ് ചെയ്യാന്‍ നടന്‍ എങ്ങനെ ധൈര്യം കാണിച്ചുവെന്ന് ചിലര്‍ ചോദിച്ചു. അലാവുദ്ദീന്‍ ഖില്‍ജിയില്‍ നിന്നും പുറത്ത് കടക്കാനാവാത്തത് കൊണ്ടാണ് താരം ഇപ്രകാരം പറയുന്നതെന്നും വിമര്‍ശനം ഉയര്‍ന്നു. നിരവധി പേരാണ് ഇതിന് പിന്നാലെ രണ്‍വീറിനെ ആക്രമിക്കാന്‍ രംഗത്തെത്തിയത്.

എന്നാല്‍ രണ്‍വീറിനെ പിന്തുണച്ചും ട്വിറ്ററില്‍ ആരാധകര്‍ അണിനിരന്നു. ഗാനത്തിന്റെ വരികളാണെന്ന് പോലും അറിയാതെയാണ് ചിലര്‍ ആക്രമിക്കാന്‍ തുനിഞ്ഞതെന്ന് ആരാധകര്‍ പ്രതിരോധിച്ചു. ചിത്രത്തിന് തീവ്രഹൈന്ദവ സംഘടനകളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് രണ്‍വീറിന്റെ ട്വീറ്റ് എന്നത് തെറ്റായ വ്യാഖ്യാനങ്ങളിലേക്ക് നയിച്ചുവെന്നാണ് ആരാധകരുടെ വാദം.

‘പത്മാവതി’ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കുമെന്ന് ബി.ജെ.പി എം.എല്‍.എ രാജാസിംഗ് നേരത്തേ പറഞ്ഞിരുന്നു. ഹിന്ദുക്കളെ മോശമായി ചിത്രീകരിച്ചാല്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്. ചിത്രം പുറത്തിറക്കണമെങ്കില്‍ രജപുത്ര വിഭാഗക്കാരുടെ അംഗീകാരം തേടണമെന്നും രാജാസിംഗ് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഹിന്ദു സംസ്‌കാരത്തെ മോശമായി ചിത്രീകരിക്കുന്നവരെ പാഠം പഠിപ്പിക്കും. ഹിന്ദുക്കളെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന സഞ്ജയ് ലീല ബന്‍സാലി വെറും നായയാണെന്നും രാജാസിംഗ് പറഞ്ഞു. ഇന്ത്യന്‍ സംസ്‌കാരം സംരക്ഷിക്കേണ്ടതുണ്ട്. ഇന്ത്യന്‍ രാജാക്കന്‍മാര്‍ സ്വന്തം കാര്യത്തില്ല, രാജ്യത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പേരാടിയിട്ടുള്ളത്. പത്മാവതിയുടെ റിലീസ് തടയുന്നതിന് രജപുത്രര്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ ജനങ്ങളെ സംഘടിപ്പിക്കണമെന്നും രാജാസിംഗ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമയുടെ ചരിത്രം മാറ്റിയെഴുതുമെന്ന വിശേഷണത്തോടെയാണ് പത്മാവതി റിലീസിന് തയ്യാറെടുക്കുന്നത്. ബാഹുബലിയുടെ റെക്കോര്‍ഡുകള്‍ തിരുത്തുമെന്നും, കാത്തിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്മയമാണെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടുകഴിഞ്ഞു. സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന പത്മാവതി 160കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ