തെരുവ് ഗായികയിൽ നിന്നും സെലിബ്രിറ്റി പദവിയിലേക്കുയർന്ന റാണു മണ്ഡലിന്റെ മേക്കോവർ എന്ന പേരിൽ പ്രചരിച്ചിരുന്ന ചിത്രങ്ങൾ വ്യാജം. റാണുവിനെ ഒരുക്കിയ കാൻപൂരിലെ സന്ധ്യാസ് സലൂൺ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. യഥാർഥ ചിത്രങ്ങളും അവർ പുറത്തുവിട്ടു.

ഇൻസ്റ്റഗ്രാമിലെ തങ്ങളുടെ ഔദ്യോഗിക പേജ് വഴിയാണ് സന്ധ്യാസ് സലൂൺ ഇക്കാര്യം വ്യക്തമാക്കിയത്. “നിങ്ങൾക്ക് കാണാനാകുന്നതുപോലെ, ഞങ്ങൾ ചെയ്ത ജോലിയും, ഒരു പരിധിവരെ എഡിറ്റുചെയ്ത ‘വ്യാജ’ ചിത്രവും തമ്മിലുള്ള വ്യത്യാസമാണിത്. എല്ലാ തമാശകളും ട്രോളുകളും മികച്ചതാണ്, അവ നമ്മെയും ചിരിപ്പിക്കുന്നു, പക്ഷേ ഒരാളുടെ വികാരത്തെ വ്രണപ്പെടുത്തുന്നത് അത്ര നല്ല കാര്യമല്ല. നിങ്ങൾ എല്ലാവരും സത്യം മനസിലാക്കുകയും വ്യാജ ചിത്രവും യഥാർഥ ചിത്രവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുകയും ചെയ്യുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അത്ര മാത്രമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്.”

റാണുവിന്റേ മേക്കോവർ എന്ന പേരിൽ പ്രചരിച്ചിരുന്ന എഡിറ്റഡ് ചിത്രങ്ങൾ ഏറെ ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയമായിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റ് സന്ധ്യയാണ് റാണുവിന്റെ മേക്കോവറിനു പിന്നിലുളളത്. കാൻപൂരിൽ തന്റെ പുതിയ മേക്കോവർ സലൂൺ തുറക്കുന്നതിന്റെ ഭാഗമായാണ് കംപ്ലീറ്റ് മേക്കോവറിനായി റാണുവിനെ സന്ധ്യ ക്ഷണിച്ചത്.

തന്റെ പുതിയ മേക്കോവറിനെക്കുറിച്ച് ചോദിച്ചപ്പോൾ റാണുവിന്റെ മറുപടി ഇതായിരുന്നു, ”ഞാനാണ് ഇതെന്ന് വിശ്വസിക്കാനാവുന്നില്ല. എന്റെ ലുക്ക് മൊത്തത്തിൽ സന്ധ്യ മാറ്റി. കൂടുതൽ സുന്ദരിയും ആത്മവിശ്വാസം കൂടിയതായും എനിക്ക് തോന്നുന്നു.” എന്തായാലും റാണുവിന്റെ മേക്കോവർ കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

സെൽഫിയെടുക്കാൻ എത്തിയ ആരാധികയോട് റാണു ദേഷ്യപ്പെടുന്ന തരത്തിലുളള വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ആരാധിക ചിരിച്ചുകൊണ്ട് റാണുവിനൊപ്പം സെൽഫിയെടുക്കാൻ ഫോണുമായി അടുത്തേക്ക് നിൽക്കുന്നു. എന്നാൽ, റാണു അതിനു സമ്മതിക്കുന്നില്ല. തന്നെ തൊട്ട ആരാധികയോട് തൊടരുത് എന്ന് റാണു പറയുന്നുണ്ട്. വീഡിയോ കണ്ട നിരവധി പേർ റാണുവിനെ വിമർശിച്ച് രംഗത്തുവന്നിരുന്നു.

റാണാഘാട്ട് നിവാസിയായ സോഫ്റ്റ്‌വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം ആലപിക്കുന്നത് കേട്ടു. തന്റെ മൊബൈൽ ഫോണിൽ അത് പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുകയുമായിരുന്നു. റാണുവിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ അവരുടെ ജീവിതം മാറിമറിയുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook