പശ്ചിമ ബംഗാളിലെ റാണാഘാട്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ,ലതാ മങ്കേഷ്കറുടെ “ഏക് പ്യാർ കാ നഗ്മാ ഹേയ്” എന്ന ഗാനം ആലപിക്കുന്ന വീഡിയോ വൈറലായതോടെയാണ് റാണു മണ്ഡൽ ജനപ്രിയയായത്. സംഗീത സംവിധായകൻ ഹിമേഷ് രേഷാമിയ റാണുവിന്റെ സംഗീതം ശ്രദ്ധിക്കുകയും തന്റെ ‘ഹാപ്പി ഹാർഡി ആൻഡ് ഹീർ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകുകയും ചെയ്തു.
Read Also: റാണു മണ്ഡലിനെക്കൊണ്ട് ‘എല്ലാരും ചൊല്ലണ്…’ പാടിക്കാൻ പണിപ്പെട്ട് റിമി ടോമി
സോഷ്യൽ മീഡിയയിൽ റാണുവിനും റാണുവിന്റെ പാട്ടിനും ഏറെ ആരാധകർ ഉണ്ട്. അതേ സോഷ്യൽ മീഡിയ ഇപ്പോൾ റാണുവിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സെൽഫിയെടുക്കാൻ എത്തിയ ആരാധികയോട് റാണു ദ്വേഷ്യപ്പെട്ടു എന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. തന്നെ തൊട്ട ആരാധികയോട് തൊടരുത് എന്ന് റാണു പറയുന്നുണ്ട്. ആരാധിക ചിരിച്ചുകൊണ്ട് റാണുവിനൊപ്പം സെൽഫിയെടുക്കാൻ ഫോണുമായി അടുത്തേക്ക് നിൽക്കുന്നു. എന്നാൽ, റാണു അതിനു സമ്മതിക്കുന്നില്ല. ഈ വീഡിയോക്കെതിരെയാണ് സോഷ്യൽ മീഡിയ വിമർശനമുന്നയിക്കുന്നത്. റാണുവിനെ വിമർശിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
തിരക്കുള്ള ഒരു തുണിക്കടയിൽ റാണു നിൽക്കുമ്പോഴാണ് സംഭവം നടക്കുന്നത്. റാണു ആരാധികയെ ശകാരിക്കുന്നത് കണ്ടു നിന്ന് ഒരാളാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Read Also: അനുകരണം ഒരിക്കലും ശാശ്വതമല്ല; റാണു മണ്ഡലിനോട് ലത മങ്കേഷ്‌കർ
റാണാഘാട്ട് നിവാസിയായ സോഫ്റ്റ് വെയർ എൻജിനീയർ അതീന്ദ്ര ചക്രവർത്തിയെന്ന യുവാവ് ജോലിക്കുപോകാനായി സ്റ്റേഷനിലെത്തിയപ്പോൾ യാദൃശ്ചികമായി റാണു, ലത മങ്കേഷ്കർ സൂപ്പർ ഹിറ്റാക്കിയ ‘ഏക് പ്യാർ കാ നഗ്മാ ഹെയ്’ എന്ന ഗാനം അതിമധുരമായി ആലപിക്കുന്നതുകണ്ട് അത് തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. ആ വീഡിയോ ഞൊടിയിടയിൽ വൈറലായി. ലക്ഷക്കണക്കിനാൾക്കാർ കാണുകയും ഷെയർ ചെയ്യുകയും സംഭവം ബോളിവുഡിൽ വരെ എത്തുകയും ചെയ്തു. റാണു മണ്ഡലിനെപ്പറ്റി നാനാദിക്കിൽനിന്നും അന്വേഷണങ്ങൾ വന്നു.