‘ഈ വീട്ടിലാണ് ഞാന്‍ ജനിച്ചത്..’ പാണത്തൂരിലെ കുടിലില്‍നിന്ന് ഐഐഎം അസിസ്റ്റന്റ് പ്രൊഫസര്‍ ജനിച്ച കഥ

ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ തന്റെ കൗമാരത്തിലെ കഷ്ടതകളും വെല്ലുവിളികളുമെല്ലാം അതിജീവിച്ചതെങ്ങനെയെന്ന് വരച്ച് കാണിക്കുകയാണ് രഞ്ജിത്ത് ആർ പാണത്തൂർ എന്ന യുവാവ്

” ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്……ഒരുപാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു  ഐഐഎം അസിസ്റ്റന്റ് പ്രഫസർ ജനിച്ചിരിക്കുന്നു……ഈ വീട് മുതൽ ഐഐഎം റാഞ്ചി വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി….. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം….” ഫെയ്‌സ്‌ബുക്കിൽ കുറിച്ച ഈ വാക്കുകളും അതിന്റെ ഉടമ രഞ്ജിത്ത് പാണത്തൂർ എന്ന ചെറുപ്പക്കാരനുമാണ്  ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ തരംഗം.

കാസർഗോഡ് ജില്ലയിലെ പാണത്തൂർ ഗ്രാമത്തിൽനിന്നുള്ള രഞ്ജിത്ത് ആർ പാണത്തൂർ എന്ന യുവാവ് റാഞ്ചി ഇന്ത്യന്‍ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ അസിസ്റ്റന്റ് പ്രൊഫസർ പദവിയിലേക്കുള്ള ദൂരം നടന്നുതാണ്ടിയതിനുപിന്നിൽ പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളുണ്ട്. നീണ്ടകാലത്തെ പ്രതിസന്ധികൾക്കൊടുവിൽ വന്നുചേർന്ന സ്വപ്നതുല്യമായ നേട്ടം പ്രതിസന്ധികളിൽ അകപ്പെട്ടുപോയവർക്കു പ്രചോദനമാകാൻ രഞ്ജിത്ത് ഫെയ്‌സ്‌ബുക്കിൽ പങ്കുവച്ചപ്പോൾ പ്രമുഖരടക്കം ആയിരങ്ങളാണ് അത് ഷെയർ ചെയ്തത്.

തന്റെ കൗമാരത്തിലെ കഷ്ടതകളും വെല്ലുവിളികളുമെല്ലാം അതിജീവിച്ചതെങ്ങനെയെന്ന് വരച്ചുകാണിക്കുകയാണ് രഞ്ജിത്ത്. താമസിക്കുന്ന കുടിലിന്റെ ചിത്രം ചേർത്തുവച്ചുകൊണ്ടാണ് തന്റെ അതിജീവന കഥ രഞ്ജിത്ത് പങ്കുവയ്ക്കുന്നത്. ” ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും ഐഐഎം യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു,” എന്ന് രഞ്ജിത്ത് പറയുന്നു.

Read Also: കുലമഹിമയും കുലീനതയുമുണ്ട്, ഇതുമതിയോ ചേട്ടന്മാരെ? വിമർശകർക്ക് മറുപടിയുമായി കുലസ്ത്രീ വെര്‍ഷന്‍

ഹയർ സെക്കൻഡറിക്കു തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നിട്ടും ചുറ്റുപാടിന്റെ സമ്മർദ്ദം മൂലം പഠനം നിർത്താമെന്ന് ആലോചിരുന്നയാളാണ് രഞ്ജിത്ത്. ഈ സമയത്ത് പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രികാല സെക്യൂരിറ്റിയായി ജോലി കിട്ടിയായതാണ് അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസത്തിനു തുടർച്ചയുണ്ടായത്. രാത്രി ജോലിയും പകൽ പഠിക്കാനുള്ള സമയവുമായി അക്കാലം.

തുടർന്ന് തന്റെ ജീവിതവും വിദ്യാഭ്യാസവും മുന്നോട്ടുനയിച്ച സെന്റ് പയസ് കോളജ്, കാസർഗോഡ് കേന്ദ്ര സർവകലാശാല, ഐഐടി മദ്രാസ് കാലങ്ങളെയും രഞ്ജിത്ത് ഓർക്കുന്നു. രഞ്ജിത്തിന്റെ വാക്കുകളിൽ പറഞ്ഞാൽ കാസർഗോഡിനു പുറത്തൊരു ലോകമുണ്ടെന്ന് അറിഞ്ഞത് കേന്ദ്ര സർവകലാശാലയിൽനിന്നായിരുന്നു. അങ്ങനെയാണ് ഐഐടി മദ്രാസിൽ എത്തിപ്പെട്ടത്. ആ കാലത്തെക്കുറിച്ച് രഞ്ജിത്ത് പറയുന്നത് ഇങ്ങനെയാണ്:

പക്ഷേ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായി ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു….. ഇതെന്റെ വഴിയല്ല എന്നു തോന്നി പിഎച്ച്ഡി പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ ഗൈഡ് (ഡോ. സുഭാഷ്) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുമ്പ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം…. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.”

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്…… ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ…

Posted by Ranjith R Panathur on Friday, April 9, 2021

” എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടിപ്പോയ ഒരുപാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞുവീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞുവീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക….. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം….” എന്ന പ്രചോദന വാക്കുകളോടെയാണ് രഞ്ജിത്തിന്റെ ഫെയ്‌സ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബെംഗളുരു ക്രൈസ്റ്റ് കോളജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്തുവരുന്നതിനിടെയാണ് രഞ്ജിത്തിന് ഐഐഎം റാഞ്ചിയിൽ ജോലി ലഭിക്കുന്നത്.

Get the latest Malayalam news and Social news here. You can also read all the Social news by following us on Twitter, Facebook and Telegram.

Web Title: Ranjith r panathur facebook post gone viral

Next Story
കുലമഹിമയും കുലീനതയുമുണ്ട്, ഇതുമതിയോ ചേട്ടന്മാരെ? വിമർശകർക്ക് മറുപടിയുമായി കുലസ്ത്രീ വെര്‍ഷന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express