രൺബീർ- ആലിയ ഭട്ട് വിവാഹാഘോഷത്തിന്റെ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിലെങ്ങും. ഏപ്രിൽ 14ന് ബാന്ദ്രയിലെ പാലി ഹിൽസിലെ രൺബീറിന്റെ വാസ്തു എന്ന വീട്ടിൽ വച്ച് അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.
വിവാഹാഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. അതിനിടയിൽ, രസകരമായൊരു ആശംസാപോസ്റ്റുമായെത്തി സോഷ്യൽ മീഡിയയിൽ ചിരിയുണർത്തുകയാണ് പ്രമുഖ കോണ്ടം ബ്രാൻഡായ ഡ്യൂറെക്സ്.
“പ്രിയപ്പെട്ട രൺബീർ & ആലിയ മെഹ്ഫിൽ മേം തേരി ഹാം നാ രഹെ ഫൺ തോ നഹി ഹെയ്ൻ” എന്ന കുറിപ്പോടെയാണ് ഇരുവർക്കും ഡ്യൂറെക്സ് ആശംസകൾ നേർന്നിരിക്കുന്നത്.
രൺബീർ കപൂർ, ഐശ്വര്യാറായ്, അനുഷ്ക ശർമ്മ എന്നിവർ ഒന്നിച്ച് അഭിനയിച്ച ‘യെ ദിൽ ഹൈ മുഷ്കിൽ’ എന്ന ചിത്രത്തിലെ ചന്നാ മെരെയാ എന്ന ഹിറ്റ് ഗാനത്തിലെ വരികൾ കടമെടുത്താണ് ഡ്യൂറെക്സിന്റെ ആശംസ. ‘മെഹ്ഫിൽ മേം തേരി ഹാം നാ രഹെ ജോ ഗം തോ നഹി ഹെയ്ൻ’ എന്ന വരി ‘മെഹ്ഫിൽ മേം തേരി ഹാം നാ രഹെ ഫൺ തോ നഹി ഹെയ്ൻ’ എന്നാക്കി തിരുത്തിയിരിക്കുകയാണ് ആശംസയിൽ. എന്തൊരു മാർക്കറ്റിംഗ്, വേറെ ലെവൽ മാർക്കറ്റിംഗ്, എന്നിങ്ങനെ പോവുന്നു പോസ്റ്റിനു ലഭിക്കുന്ന കമന്റുകൾ. എന്തായാലും പോസ്റ്റ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.