മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലൂസിഫര്‍ പുറത്തിറങ്ങിയതിനു ശേഷം ട്രോളന്മാരും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായുള്ളവരും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് ‘പി.കെ.രാംദാസ് എന്ന വന്മരം വീണു, പകരം ആര്’ എന്ന ഡയലോഗ്. ലൂസിഫറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ഡയലോഗാണിത്. വലിയ രീതിയില്‍ പിന്നീട് ഈ ഡയലോഗ് ആഘോഷിക്കപ്പെടുകയായിരുന്നു.
യാത്രക്കിടയില്‍ തന്റെ വഴിമുടക്കിയ ഒരു മരത്തെ ‘പി.കെ.രാംദാസ്’ എന്ന് വിശേഷിപ്പിച്ച് നടന് രമേഷ് പിഷാരടി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പുലര്‍ച്ചെ രണ്ട് മണിക്ക് തന്റെ വഴിമുടക്കി റോഡില്‍ വീണ ഒരു മരത്തെയും പിഷാരടി വെറുതെ വിട്ടില്ല എന്നാണ് ഫേസ്ബുക്ക് പോസ്റ്റ് കണ്ട ശേഷം ട്രോളന്മാര് പറയുന്നത്.
Read More: ‘ചുഞ്ചു നായര്‍ എന്ന വന്മരം വീണു, പകരം ആര്?’; ട്രോളുകൾ
പുലര്‍ച്ചെ രണ്ട് മണിയായിട്ടും ഗതാഗതം പുനസ്ഥാപിക്കാന്‍ കര്‍മനിരതരായ പൊലീസിനും ഫയര്‍ഫോഴ്സിനും സേനാംഗങ്ങള്‍ക്കും പിഷാരടിയുടെ വക ഒരു ബിഗ് സല്യൂട്ടും ഉണ്ട്. ലുങ്കിയെടുത്ത് നില്ക്കുന്ന പിഷാരടി പൊലീസിനോട് സംസാരിക്കുന്ന ചിത്രങ്ങളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വഴിയില്‍ വീണുകിടക്കുന്ന മരം മാറ്റാനായി ശ്രമങ്ങള്‍ നടക്കുന്നതും ചിത്രത്തില്‍ കാണാം. പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ ഇങ്ങന: “സമയം പുലർച്ചെ 2 മണി …PK രാംദാസ് വഴിമുടക്കി …ഈ സമയത്തും ഗതാഗതം പുനഃസ്ഥാപിക്കാൻ കർമനിരതരാകുന്ന പൊലീസ് , ഫയർഫോഴ്സ് സേനാംഗങ്ങൾക്ക് ബിഗ് സല്യൂട്.”
പിഷാരടിയുടെ ഹ്യൂമര്‍സെന്‍സിനെ അഭിനന്ദിച്ചവര്‍ കമന്റ് ബോക്സില്‍ അതിലും രസകരമായ കമന്റുകളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പല കമന്റുകളിലെയും താരം പിഷാരടി തന്നെ.
സംസ്ഥാനത്ത് പലയിടത്തും കഴിഞ്ഞ ദിവസം വലിയ കാറ്റും മഴയും ഉണ്ടായിരുന്നു. പലയിടത്തും കാറ്റിനെ തുടര്‍ന്ന് മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി ബന്ധം പൂര്‍ണമായും വിച്ഛേദിക്കപ്പെടുകയും ചെയ്തു.