/indian-express-malayalam/media/media_files/uploads/2020/12/ramesh-chennithala.jpg)
വളര്‍ത്തു നായെ കാറിന് പിന്നില്‍ കെട്ടിയിട്ട് റോഡില്‍ വലിച്ചിഴച്ച സംഭവം കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു. ഇത് ചെയ്തവർക്കെതിരെ ശക്തമായ നടപടിയും സ്വീകരിച്ചു. ഈ സാഹചര്യത്തിൽ തന്റെ പ്രിയപ്പെട്ട വളർത്തു നായ സ്കൂബിയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിൽ സ്കൂബിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കു വച്ചു കൊണ്ടാണ് ചെന്നിത്തലയുടെ പോസ്റ്റ്.
"സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്," എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
ചെന്നിത്തലയുടെ പോസ്റ്റിന്റെ പൂർണരൂപം:
വളർത്തുനായയെ കാറിൽ കെട്ടിവലിച്ച വാർത്ത കണ്ണൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുമ്പോഴാണ് അറിയുന്നത്. റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോയതും പരുക്കേറ്റ് നായ അവശയായതും ഏറെ വേദനയോടെയാണ് കണ്ടത്. കാസർഗോഡ് അവസാനഘട്ട പ്രചാരണവും കഴിഞ്ഞു തിരുവനന്തപുരത്തെ വസതിയിലെത്തിയപ്പോൾ, ഞങ്ങളുടെ വളർത്തുനായ സ്‌കൂബി ഓടിയെത്തി സ്നേഹപ്രകടനം തുടങ്ങി.
ഇളയമകൻ രമിത്ത് രണ്ടര വർഷം മുൻപാണ് സ്‌കൂബിയെ വീട്ടിലെ അംഗമാക്കുന്നത്. ഞങ്ങളെല്ലാവരുമായി നായ്ക്കുട്ടി വേഗം ഇണങ്ങി. കുറച്ചു നാളുകൾ പിന്നിട്ടപ്പോഴാണ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. നീട്ടി വിളിച്ചാൽ ഓടിയെത്തുന്ന സ്‌കൂബി ഭാര്യ അനിതയുടെ കാലിൽ ഇടിച്ചാണ് നിൽക്കുന്നത്. മൃഗഡോക്ടറെ കാണിച്ചപ്പോഴാണ് സ്‌കൂബിക്ക് കാഴ്ച ഇല്ലെന്ന് മനസിലാകുന്നത്.
കാഴ്ച ശക്തി ഇല്ലെന്ന് അറിഞ്ഞതോടെ ആദ്യം വിഷമമായെങ്കിലും പിന്നീട് കൂടുതൽ ഇഷ്ടത്തോടെ ഞങ്ങൾ ചേർത്തുപിടിച്ചു തുടങ്ങി. ഏതെങ്കിലും ഒരു പോരായ്മ നികത്താനായി മറ്റെന്തെങ്കിലും കഴിവ് ദൈവം കൂടുതൽ നൽകും എന്ന് പറയുന്നത് സ്‌കൂബിയുടെ കാര്യത്തിൽ ശരിയാണെന്ന് തിരിച്ചറിഞ്ഞു. ചെത്തികൂർപ്പിച്ച ചെവിയും മൂക്കും കൊണ്ട് സ്‌കൂബി അന്ധതയെ മറികടന്നു.
സ്വന്തം ശരീരത്തെക്കാളേറെ ഉടമയെ സ്നേഹിക്കുന്ന മൃഗമാണ് നായ. സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക. സ്നേഹിച്ചാൽ ഇരട്ടിയായി സ്നേഹം തിരിച്ചു തരുന്ന ഈ മൃഗങ്ങളെ ഉപദ്രവിക്കരുത്. ഈ ദുനിയാവിന്, മനുഷ്യർ മാത്രമല്ല, അവർ കൂടി അവകാശികളാണ്.
നെടുമ്പാശേരി അത്താണിക്ക് സമീപം ചാലയ്ക്ക എന്ന സ്ഥലത്തായിരുന്നു വളർത്തു നായക്കെതിരെ മനുഷ്യത്വരഹിതമായ നടപടി ഉണ്ടായത്. ടാക്സി ഡ്രൈവര്‍ നായയെ കഴുത്തിൽ കുരുക്കിട്ട് കാറിൽ കെട്ടി ഓടിച്ച് പോകുന്ന വീഡിയോക്കെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വീഡിയോ വൈറലായതോടെ വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്യുകയും ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. മിണ്ടാപ്രാണിയോട് ക്രൂരത കാണിച്ചതിനെതിരെ വലിയ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.