തന്റെ രാഷ്ട്രീയ ജീവിതത്തിന്റെ കരുത്ത് ഭാര്യ അനിതയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 34-ാം വിവാഹ വാർഷിക ദിനമായ ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലാണ് ജീവിതപങ്കാളിയെ കുറിച്ച് കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വാചാലനായിരിക്കുന്നത്. തന്റെ ജീവിതത്തിലെ ചാലകശക്തിയായി ഭാര്യ അനിത എന്നുമുണ്ടെന്ന് രമേശ് ചെന്നിത്തല കുറിച്ചു. അനിതയുടെ ക്രിയാത്മക ഇടപെടലുകളാണ് തന്റെ രാഷ്ട്രീയജീവിതത്തിന്റെ പിൻബലമെന്നും ചെന്നിത്തല പറഞ്ഞു.

Read Also: ചില കഥകളിലേക്ക് പോകേണ്ടി വരും; കമല ഇന്റർനാഷ്‌ണൽ അടക്കമുള്ള വിഷയങ്ങൾ പരാമർശിച്ച് പിണറായി

രമേശ് ചെന്നിത്തലയുടെ ഫെയ്‌സ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“ഇന്ന് വിവാഹ വാര്‍ഷികദിനമായിരുന്നു. പ്രിയപ്പെട്ടവര്‍ പലരും ആശംസകള്‍ അറിയിച്ചു വിളിച്ചപ്പോഴാണ് സത്യത്തില്‍ ഇക്കാര്യം ഓര്‍ക്കുന്നത് തന്നെ. തിരക്കിട്ട പൊതുജീവിതത്തിനിടയില്‍ വിവാഹ ദിനാഘോഷങ്ങള്‍ പലപ്പോഴും ഉണ്ടാകാറില്ല. ഇന്നിപ്പോള്‍ ലോക്ഡൗണ്‍ ആയതു കൊണ്ട് വീട്ടില്‍ തന്നെയാണ്. 34 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അനിത എന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. പ്രിയപ്പെട്ട ലീഡര്‍ കെ കരുണാകരന്റെ ആശീര്‍വാദത്തോടെ. എന്റെ ജീവിതത്തിലെ ചാലകശക്തിയായി എന്നും അനിതയുണ്ട്. അവരുടെ ക്രിയാത്മകമായ ഇടപെടലുകളാണ് രമേശ് ചെന്നിത്തല എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്റെ പിന്‍ബലം. അനിതയ്ക്ക് ഒരുപാട് നന്ദി, ആശംസകള്‍. എന്റെ ഈ പ്രിയപ്പെട്ട ജീവിത മുഹൂര്‍ത്തം ഓര്‍മയില്‍ വെച്ച് ആശംസകള്‍ അറിയിച്ച ഓരോരുത്തരോടും എന്റെ സ്‌നേഹം പങ്കുവെക്കുന്നു.”

കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അടക്കം നിരവധി പേർ തങ്ങളുടെ പ്രിയപ്പെട്ട നേതാവിനും പത്നിക്കും വിവാഹവാർഷിക ആശംസകൾ നേർന്നിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook