ബിഗ് ബോസ് മലയാളം സീസൺ രണ്ടിൽ നിന്നും ഡോ.രജിത് കുമാർ പുറത്തായ എപ്പിസോഡ് സംപ്രേഷണം ചെയ്യപ്പെട്ടപ്പോൾ മുതൽ സമൂഹമാധ്യമങ്ങളിൽ രജിത് ആർമിക്കാരുടെ വിലാപവും സൈബർ ആക്രമണങ്ങളും അരങ്ങേറുകയാണ്. ഇന്നലെ രാത്രി കൊച്ചി വിമാനത്താവളത്തിൽ രജിത് കുമാറിനെ സ്വീകരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ പൊലീസ് കേസെടുത്തു എന്നതാണ് ഇതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വാർത്ത.

കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശം ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് പൊലീസ്, കലക്ടര്‍ എസ്.സുഹാസിന്റെ നിര്‍ദേശ പ്രകാരം കേസെടുത്തത്. രജിത് കുമാറിനെതിരേയും കേസുണ്ട്.

എയർപോർട്ടിൽ നിന്നും പുറത്തിറങ്ങുന്നതിനിടയിൽ രജിത് കുമാർ നടത്തിയ കൊറോണ പരാമർശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്നത്. “കൊറോണയെ എനിക്ക് പേടിയില്ല, മനസ്സിന് ശുദ്ധി ഇല്ലെങ്കിലേ കൊറോണ ഒക്കെ വരൂ,” എന്നാണ് കൊറോണയെ കുറിച്ചുള്ള രജിത്ത് കുമാറിന്റെ അശാസ്ത്രീയ വിശകലനം. മുൻപും നിരവധി തവണ ശാസ്ത്രത്തെ വളച്ചൊടിച്ച് ഇത്തരം പരാമർശങ്ങൾ നടത്തിയതിന്റെ പേരിൽ വിവാദങ്ങളിൽ ഇടം പിടിച്ച വ്യക്തിയാണ് രജിത് കുമാർ.

കനത്ത ജാഗ്രതയോടെ ഒരു സംസ്ഥാനം മുഴുവൻ കൊറോണയ്ക്ക് എതിരെ മുൻകരുതലുകൾ എടുക്കുമ്പോഴാണ് ഒരു അധ്യാപകനിൽ നിന്നും ഇത്തരം പരാമർശം എന്നതാണ് സമൂഹമാധ്യമങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. നിരവധി പേരാണ് രജിത് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്തു വന്നിരിക്കുന്നത്.

Read more: രജിത് കുമാറിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയവർക്കെതിരെ കേസെടുത്തു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook