scorecardresearch

‘എന്തുകൊണ്ടാണ് സെക്സി മേരിയും ആയിഷയും ഇല്ലാത്തത്’; എസ്.ദുർഗക്കെതിരെ എഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറും

മേരിയും ആയിഷയുമൊന്നും സെക്സികളല്ലെയെന്നും ആർതി ടീക്കോ സിങ് ചോദിക്കുന്നു

‘എന്തുകൊണ്ടാണ് സെക്സി മേരിയും ആയിഷയും ഇല്ലാത്തത്’; എസ്.ദുർഗക്കെതിരെ എഷ്യാനെറ്റ് ചെയർമാൻ രാജീവ് ചന്ദ്രശേഖറും

ന്യൂഡല്‍ഹി: തങ്ങൾക്ക് അനഭിമതമായ സിനിമകൾക്കെതിരായ സംഘപരിവാർ പ്രചാരണങ്ങളുടെ ഭാഗമായി ബിജെപി എംപിയും ഏഷ്യാനെറ്റ് ന്യൂസ് ചെയർമാനുമായ രാജീവ് ചന്ദ്രശേഖര്‍. എസ്.ദുർഗ എന്ന സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത സിനിമ ഗോവയിൽ നടക്കുന്ന ഐഎഫ്എഫ്ഐയിൽ നിന്നും ഒഴിവാക്കിയത് വൻ വിവാദമായിരിക്കെയാണ് സിനിമക്കെതിരെ രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. ഇന്ത്യാ ടുഡേയുടെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗൗരവ് സി.സാവന്തിന്റെ വർഗീയ പരാമർശമടങ്ങിയ ട്വീറ്റിന് പിന്തുണയുമായാണ് രാജീവ് റീട്വീറ്റ് ചെയ്തത്.

‘എനിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല, എന്തിനാണ് സിനിമാ നിര്‍മ്മാതാക്കള്‍ സെക്‌സി ദുര്‍ഗ സെക്‌സി രാധ എന്നൊക്കെ ഉപയോഗിക്കുന്നത്. എന്തുകൊണ്ടാണ് അവര്‍ മേരി, ഫാത്തിമ, ആയിഷ എന്നീ പേരുകളുടെ മുന്നില്‍ സെക്‌സി എന്ന് ചേര്‍ക്കുന്നില്ലെന്ന് ഒന്നു പറഞ്ഞു തരൂ’ എന്ന സാവന്തിന്റെ ട്വീറ്റിനാണ് താന്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താവാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്.

ഇത് വളരെ പ്രാധാന്യം അർഹിക്കുന്ന ചേദ്യമാണ്. ഇതിനെ കുറിച്ച് അറിയാൻ എനിക്കും താൽപ്പര്യമുണ്ടെന്നായിരുന്നു ചന്ദ്രശേഖറിന്റെ കമന്റ്, ആവിഷ്കകാര സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നു. പക്ഷേ എന്തുകൊണ്ട് ഇത്തരം നീക്കങ്ങൾ ഒരു ഭാഗത്തേക്ക് മാത്രം പോകുന്നു എന്ന് അദ്ദേഹം ചോദിക്കുന്നു.

ഇന്ത്യൻ സിനിമാക്കാർ ഫത്‌വകളെയും സ്റ്റുഡിയോകൾ നശിപ്പിക്കപ്പെടുമെന്നും വിചാരിച്ച് ഭയപ്പെടുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയർ എഡിറ്റർ ആർതി ടീക്കോ സിങ് രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. മേരിയും ആയിഷയുമൊന്നും സെക്സികളല്ലെയെന്നും ആർതി ടീക്കോ സിങ് ചോദിക്കുന്നു.

അതേസമയം, സനല്‍കുമാര്‍ ശശിധരന്റെ സെക്സി ദുര്‍ഗ്ഗ, രവി ജാദവിന്റെ ന്യൂഡ് എന്നീ ചിത്രങ്ങള്‍ക്കെതിരായ അസിഹ്ഷുണതയ്ക്കെതിരേയും പത്മാവതിക്കെതിരായ സംഘപരിവാര്‍ പോര്‍വിളികള്‍ക്കുമെതിരെ സിനിമാ മേഖലയിൽ നിന്നും ശബ്ദങ്ങൾ ഉയർന്നു കൊണ്ടിരിക്കുകയാണ്. സംഘപരിവാർ ഭീഷണികൾക്കെതിരെ നടൻ പ്രകാശ് രാജ് ശക്തമായാണ് പ്രതികരിച്ചത്. ‘ഒരാള്‍ക്ക് മൂക്ക് ചെത്തണം, മറ്റൊരാള്‍ കാലാകാരന്റെ തലയറുക്കണമെന്ന് പറയുന്നു. വേറൊരാള്‍ക്ക് നടനെ വെടി വയ്ക്കണം, ചില സിനിമകളെ ഫിലിം ഫെസ്റ്റിവലുകളില്‍ നിന്ന് പിന്‍വലിക്കണം. ഇനിയും ഇവിടെ അസഹിഷ്ണുതയില്ലെന്ന് ഞങ്ങള്‍ വിശ്വസിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്?’. എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

സെക്സി ദുര്‍ഗ, ന്യൂഡ് എന്നീ ചലച്ചിത്രങ്ങളെ പനോരമ സെലക്ഷനില്‍ നിന്ന് ഒഴിവാക്കാനുള്ള വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ ഏകപക്ഷീയമായ, ഫാസിസ്റ്റ് തീരുമാനത്തെ ഞങ്ങള്‍ എതിര്‍ക്കുന്നുവെന്ന് സംയുക്ത പ്രസ്താവനയിലൂടെ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ആഷിഖ് അബു, രാജീവ് രവി, ലിജോ പെല്ലിശ്ശേരി, ദീലീഷ് പോത്തന്‍, ഗീതു മോഹന്‍ദാസ്, റഫീഖ് അഹമ്മദ്, റിമ കല്ലിങ്കല്‍, വി.കെ.ശ്രീരാമന്‍, സൗബിന്‍ സാഹിര്‍, വിധു വിന്‍സെന്റ്, ശ്യാം പുഷ്‌കരന്‍, ഫൗസിയ ഫാത്തിമ, ഷൈജു ഖാലിദ്, മധു നീലകണ്ഠന്‍, ബിജിപാല്‍, ഷാബാസ് അമന്‍, അജിത് കുമാര്‍ ബി, അന്‍വര്‍ അലി, ഇന്ദു വി.എസ്, കമല്‍ കെ, സൗമ്യ സദാനന്ദന്‍, ആഷ ജോസഫ് എന്നിവരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.

Stay updated with the latest news headlines and all the latest Social news download Indian Express Malayalam App.

Web Title: Rajeev chandrashekhar support sanagaparivar campaign against films