നമ്മള്‍ മണ്ണ് വാരിത്തിന്നും മുട്ടിലിഴഞ്ഞും നടന്നിരുന്ന പ്രായത്തിലെ കുട്ടികള്‍ ഇന്ന് ഏറെ പുരോഗമിച്ച് കഴിഞ്ഞു. വളരുമ്പോള്‍ നമ്മുടെ ആശങ്ക ചെയ്ത് തീര്‍ക്കേണ്ട ഹോംവര്‍ക്കിലും കിട്ടാതെ പോകുന്ന മിഠായികളും ആയിരുന്നുവെങ്കില്‍ ഇന്നത്തെ കുട്ടികള്‍ സ്മാര്‍ട്ട്ഫോണില്‍ ഗെയിം കളിക്കുന്നതിലും, സുന്ദര്‍പിച്ചൈയ്ക്ക് ജോലിക്കായി അപേക്ഷ അയക്കുന്നതിന്റേയും തിരക്കിലാണ്. പറഞ്ഞുവന്നത് കുട്ടികള്‍ അത്രയേറെ സ്മാര്‍ട്ടായി മാറിക്കഴിഞ്ഞു എന്നാണ്.

ഇത് ശരിയാണെന്ന് പറഞ്ഞുവയ്ക്കുന്നൊരു ചിത്രമാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്ന ട്വീറ്റ് ചെയ്ത ചിത്രം. സ്വന്തം മകള്‍ ഗ്രേഷിയയും മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവയും ഒന്നിച്ചുളള ചിത്രമാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇരു ക്രിക്കറ്റ് താരങ്ങളും തമ്മിലുളള ബന്ധം മക്കളിലേക്ക് കൂടി പകര്‍ന്നതിന്റെ തെളിവാണ് ഈ ചിത്രം.

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ചെന്നൈ സൂപ്പർ കിങ്സും തമ്മിലുളള മൽസരം നടന്നുകൊണ്ടിരിക്കെ സിവയും ഗ്രേഷിയയും ടാബ്‌ലെറ്റില്‍ മൽസരങ്ങളുടെ ഹൈലൈറ്റ് നോക്കുന്നതിന്റെ തിരക്കിലാണ്. ‘നഗരത്തിലെ പുതിയ ഉറ്റസുഹൃത്തുക്കള്‍, ഗ്രേഷിയയും സിവയും. കഴിഞ്ഞ രാത്രിയിലെ മൽസരത്തിന്റെ ഹൈലൈറ്റ് നോക്കുന്ന തിരക്കിലാണവര്‍’, റെയ്ന ട്വീറ്റ് ചെയ്തു.

ക്രിക്കറ്റിനേക്കാളും സുരേഷ് റെയ്നയ്ക്ക് താൽപര്യം കുടുംബത്തോട് ആണെന്ന ചിലരുടെ വിമര്‍ശനങ്ങള്‍ നേരത്തേ വാര്‍ത്തകളായിരുന്നു. പണ്ട് ക്രിക്കറ്റിനോട് ആത്മാര്‍ത്ഥയുണ്ടായിരുന്ന റെയ്ന വിവാഹശേഷം ഭാര്യയിലേക്കും കുട്ടിയിലേക്കും മാത്രം ഒതുങ്ങിപ്പോയെന്നും മുന്‍ രഞ്ജി പരിശീലകനും റെയ്നയെ കുറ്റപ്പെടുത്തി രംഗത്ത് വന്നു.

വിവാഹ ശേഷം ക്രിക്കറ്റിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണെന്ന ആരോപണത്തോട് പ്രതികരിച്ച് റെയ്ന പിന്നീട് രംഗത്തെത്തിയതും വാര്‍ത്തയായി. തന്റെ മകള്‍ക്ക് അസുഖമായിരുന്നതിനാലാണ് ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതെന്ന് അദ്ദേഹം പറഞ്ഞു. “ഇതേ തുടര്‍ന്ന് നാളുകളോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നു. വീട്ടിലെ ജോലിയും താന്‍ തന്നെയാണ് നോക്കേണ്ടത്. ഇത് ചെയ്യുന്നതിന് എന്തിന് തന്നെ കുറ്റപ്പെടുത്തണമെന്നും” റെയ്‌ന ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

അന്ന് തന്നെ ഒരു അച്ഛനെന്ന നിലയില്‍ റെയ്ന തന്റെ മകളെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്നും വ്യക്തമായിരുന്നു. ഇന്ന് ഫാദേഴ്സ് ഡേയിലും ‘ഒരു അച്ഛനായിരിക്കുന്നതിലെ സന്തോഷം’ പങ്കുവച്ചാണ് അദ്ദേഹം ഒരു വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വയസ് പ്രായമുളള റെയ്നയുടെ മകള്‍ ഗ്രേഷിയ ‘പാപ്പ’ എന്ന് വിളിക്കുന്നതിന്റെ വീഡിയോ ആണ് അദ്ദേഹം പോസ്റ്റ് ചെയ്തത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Social news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ