രാജ്യത്ത് യോഗ് ദാനം ആചരിച്ചതിന്റെ നിരവധിചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി പ്രമുഖര്‍ യോഗ ചെയ്യാന്‍ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി റാഞ്ചിയിലാണ് യോഗ ചെയ്തത്. ഇതിന്റെ ചിത്രങ്ങളും പ്രചരിച്ചു. എന്നാല്‍ സൈന്യത്തിന്റെ നായ്ക്കളും യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

നിര്‍ണായകമായ ഘട്ടങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന നായ്ക്കള്‍ പരിശീലകര്‍ക്കൊപ്പം യോഗ ചെയ്യുന്നതാണ് ചിത്രങ്ങള്‍. പട്രോളിങ്ങിനും സുരക്ഷയ്ക്കും മണത്ത് കണ്ടുപിടിക്കാനുമൊക്കെ ഉപയോഗിക്കപ്പെടുന്ന നായ്ക്കളെ കൊണ്ട് സൈന്യം യോഗ ചെയ്യിക്കുന്നതിനെ പലരും പുകഴ്ത്തിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇതിനെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ട്വീറ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. നായ്ക്കളും സൈനികരും പരസ്പരം നോക്കി യോഗ ചെയ്യുന്ന ചിത്രമാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. കൂടെ ‘പുതിയ ഇന്ത്യ’ എന്നാണ് അദ്ദേഹം അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്.

Read More: ട്രെയിനർമാർക്കൊപ്പം യോഗാസനം ചെയ്ത് ഇന്ത്യൻ ആർമിയിലെ ഡോഗ് യൂണിറ്റ്

ഇതിനെതിരെ ബിജെപി എംപി തേജസ്വി സൂര്യ വിമര്‍ശനവുമായി രംഗത്തെത്തി. ഒരൊറ്റ ട്വീറ്റിലൂടെ രാഹുല്‍ സൈന്യത്തേയും, നായ്യകളുടെ യൂണിറ്റിനേയും, യോഗാ പാരമ്പര്യത്തേയും അപമാനിച്ചതായി തേജസ്വി ട്വീറ്റ് ചെയ്തു. രാഹുലിനെ എങ്ങനെയാണ് യുവ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്റില്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുമ്പോള്‍ രാഹുല്‍ ഫോണില്‍ സ്‌ക്രോള്‍ ചെയ്യുകയും ടൈപ്പ് ചെയ്യുകയുമായിരുന്നെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് രാഹുലിന്റെ ട്വീറ്റ്. എന്നാല്‍ രാഹുല്‍ ഫോണില്‍ വിഷമകരമായ ഹിന്ദി വാക്കുകള്‍ വിവര്‍ത്തനം ചെയ്യുകയായിരുന്നുവെന്ന വിശദീകരണവുമായി കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ.

‘ആവശ്യമുള്ളതെല്ലാം അദ്ദേഹം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വ്യക്തമായി കേള്‍ക്കാന്‍ കഴിയാത്ത ചില കഠിനമായ ഹിന്ദിവാക്കുകള്‍ അദ്ദേഹം തിരയുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് അനാദരവൊന്നും ഉണ്ടായിട്ടില്ല. അത്തരമൊരു അഭിപ്രായം ഉയരുന്നത് അടിസ്ഥാനരഹിതമാണെന്ന് ഞാന്‍ കരുതുന്നു. ഫൂട്ടേജ് കിട്ടുകയാണെങ്കില്‍ ബി.ജെ.പി എം.പിമാരില്‍ പകുതിയും പരസ്പരം സംസാരിക്കുന്നത് കാണാം.’ആനന്ദ് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook