തമിഴ് മക്കളിൽ ഒരുവനായി മാറി, അവർക്കൊപ്പം നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ സോഷ്യൽ മീഡിയയുടെ മനം കവരുകയാണ്. പ്രശസ്ത യൂട്യൂബ് ചാനലായ വില്ലേജ് കുക്കിങ് ചാനലിന്റെ ഷോയിലാണ് രാഹുൽ ഗാന്ധി പങ്കെടുത്തത്. മഷ്റൂം ബിരിയാണിയാണ് രാഹുലിനായി ഷോ അവതാരകർ തയ്യാറാക്കിയത്.
ബിരിയാണിക്കൊപ്പം വിളമ്പാനുളള സാലഡ് രാഹുലാണ് തയ്യാറാക്കിയത്. അതിനാവശ്യമായ സാധനങ്ങളായ ഉളളി (വെങ്കായം), തൈര്, കല്ലുപ്പ് എന്നിവ തമിഴിൽ പറഞ്ഞശേഷമാണ് രാഹുൽ സാലഡ് തയ്യാറാക്കിയത്. അതിനുശേഷം താൻ തയ്യാറാക്കിയ സാലഡ് രുചിച്ചു നോക്കുകയും ചെയ്തു.
Read Also: മുത്തുവായി രമേഷ് പിഷാരടി; മാമുക്കോയ കുട്ടൂസൻ, ലുട്ടാപ്പിയെ പിടികിട്ടിയോ ?
ചാനൽ അംഗങ്ങളുമായി രാഹുൽ സംസാരിക്കുകയും ചെയ്തു. വിദേശത്ത് പോയി പാചക ഷോ ചെയ്യണമെന്നാണ് തങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമെന്ന് ചാനൽ അംഗങ്ങൾ പറഞ്ഞപ്പോൾ, യുഎസിലെ തന്റെ സുഹൃത്തിനോട് പറഞ്ഞ് അതിനുളള അവസരം ഒരുക്കാമെന്ന് രാഹുൽ വാക്കു കൊടുത്തു. മറ്റു ഇന്ത്യൻ സംസ്ഥാനങ്ങളിൽ പോയി പാചക ഷോ നടത്തണമെന്നും രാഹുൽ അവരോട് ആവശ്യപ്പെട്ടു.
അതിനുശേഷം നിലത്തിരുന്ന് വാഴയിലയിൽ വിളമ്പിയ ബിരിയാണി രുചിയോടെ രാഹുൽ കഴിക്കുകയും പറഞ്ഞു. ബിരിയാണി നന്നായിട്ടുണ്ടെന്ന് തമിഴിൽ പറയുകയും ചെയ്തു. തനിക്ക് വേണ്ടി ഭക്ഷണം തയ്യാറാക്കിയ ചാനൽ അംഗങ്ങളോട് നന്ദി പറഞ്ഞാണ് രാഹുൽ മടങ്ങിയത്.
തമിഴ്നാട്ടിൽ വളരെ പ്രശസ്തമായ യൂട്യൂബ് ചാനലാണ് വില്ലേജ് കുക്കിങ് ചാനൽ. 7.16 മില്യൻ സബ്സ്ക്രൈബേഴ്സ് ചാനലിനുണ്ട്. രാഹുലിന്റെ വീഡിയോ രണ്ടര ലക്ഷത്തിലധികം പേർ ഇതിനോടകം കണ്ടു കഴിഞ്ഞു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് രാഹുലിന്റെ പര്യടനം. കോയമ്പത്തൂർ, തിരുപ്പൂർ സ്ഥലങ്ങളിലെ വ്യവസായികളുമായും കർഷകരുമായും രാഹുൽ കൂടിക്കാഴ്ച നടത്തിയിരുന്നു.